വ്യാജ അപകട കഥയുണ്ടാക്കി കാര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
5 August 2017

കോഴിക്കോട്: പേരാമ്പ്രയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഹനങ്ങള്‍ സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ മറവില്‍ വ്യാജ അപകട കഥയുണ്ടാക്കി കാര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന മേപ്പയ്യൂര്‍ സ്വദേശി ഷംസീറിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

കല്ലോട് മൂശാരിക്കണ്ടി ശ്യാം (27), ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൊളറോത്ത് ഷാജു, കല്ലോട് തച്ചറത്ത് കണ്ടി പ്രസൂണ്‍ (32), കല്‍പത്തൂര്‍ പടിഞ്ഞാറയില്‍ പ്രദീപ് കുമാര്‍ (42), ആലക്കാട്ടു മീത്തല്‍ ഷാലു എന്ന ജിതിന്‍ലാല്‍ എന്നിവരെയാണ് പേരാമ്പ്ര എസ്‌ഐ വി. സിജിത്ത് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. അപകടത്തില്‍ ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ന്നെന്നും മര്‍ദനമേറ്റെന്നും നഷ്ടപരിഹാരമായി എഴുപതിനായിരം രൂപ നല്‍കണമെന്നും കരാറുണ്ടാക്കിയാണ് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അപകടമുണ്ടായെന്നും മര്‍ദനമേറ്റെന്നും പരാതിയുമായി ബുധനാഴ്ച രാത്രി ശ്യാം പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം.

പേരാമ്പ്ര വര്‍ഷ തിയറ്ററിന് സമീപത്ത് വച്ച് ശ്യാം ഓടിച്ച ഓട്ടോയില്‍ കാര്‍ ഇടിച്ച് മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നുവെന്നും ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതി. ഗ്ലാസ് ഇല്ലാത്ത ഓട്ടോയും സ്‌റ്റേഷനില്‍ ഹാജരാക്കി. തുടര്‍ന്ന്, വ്യാഴാഴ്ച രാത്രി പ്രതികള്‍ കാര്‍ ഡ്രൈവര്‍ ഷംസീറുമായി റസ്റ്റ് ഹൗസില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി എഴുപതിനായിരം രൂപ നല്‍കണമെന്ന കരാറുണ്ടാക്കി. എന്നാല്‍, തന്നെ മുറിയിലടച്ച് ഭീഷണിപ്പെടുത്തി കാരാറില്‍ ഒപ്പുവയ്പ്പിച്ചതാണെന്നും വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നെന്ന പരാതി വ്യാജമാണെന്നും ഷംസീര്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യ പരാതി വ്യാജമാണെന്ന് തെളിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ശ്യാമിന്റെ സുഹൃത്തിന്റെ വീട്ടില്‍ ഓട്ടോയുടെ ഗ്ലാസ് ഊരിവച്ചതായും കണ്ടെത്തി. ഗ്ലാസ് പൊട്ടിയ ലക്ഷണമൊന്നും ഓട്ടോയില്‍ ഇല്ലാത്തത് സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. ഇവരടക്കം കണ്ടാലറിയാവുന്ന ഒമ്പത് പേര്‍ കേസില്‍ പ്രതികളാണ്. വാഹനങ്ങള്‍ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് പോലീസ് കണ്ടെത്തി.