അദ്ധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുത്തി കലോത്സവം വേണ്ട; സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്തേക്കു മാറ്റാനൊരുങ്ങുന്നു

single-img
5 August 2017

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇനി മുതല്‍ ക്രിസ്തുമസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. കലോത്സവം കാരണം അദ്ധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനത്തിനൊരുങ്ങുന്നത്. ഈ വര്‍ഷം ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നു വരെ കലോത്സവം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് കലോത്സവം നടത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

കലാമേളകള്‍ വിദ്യാഭ്യാസ കലണ്ടറിന്റെ താളംതെറ്റിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം. നിലവില്‍ ജനുവരി രണ്ടാം വാരം മുതല്‍ അവസാന വാരം വരെയാണ് കലോത്സവം നടത്താറുള്ളത്. പുതിയ തീരുമാനപ്രകാരം ജനുവരി ഒന്നിലെ ഒരു പ്രവൃത്തിദിവസം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകുകയുള്ളു. അവധിക്കാലത്ത് മേള നടത്തുന്നത് കുട്ടികളുടെയും അദ്ധ്യാപകരുടെയും അവധിദിനങ്ങള്‍ നഷ്ടപ്പെടുത്തില്ലേ എന്ന ചോദ്യത്തിന് അവധിയെക്കാള്‍ പ്രധാനപ്പെട്ടത് പഠനമല്ലേയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മറുചോദ്യം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും അംഗീകരിച്ചാല്‍ മാത്രമേ നടപ്പിലാകുകയുള്ളു. പുതിയ തീരുമാനം നടപ്പിലായാല്‍ ഇത്തവണ തൃശൂരില്‍ നടക്കുന്ന കലാമേള മുന്‍ നിശ്ചയിച്ചതില്‍ നിന്നും നേരത്തെ ആരംഭിക്കും.