നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ തെളിവില്ലെന്ന് ആവര്‍ത്തിച്ച് പി.സി.ജോര്‍ജ്

single-img
5 August 2017

കൊച്ചി: അതിക്രമത്തിന് ഇരയായ നടിയെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് പി.സി.ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആക്രമിക്കപ്പെട്ട നടിയെ നിര്‍ഭയയുമായി താരതമ്യപ്പെടുത്തിയിരുന്നു. ഇത് പൊലീസിന്റെ അതിശയോക്തിയാണ്. ഈ വീഴ്ച ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞു. 19 തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ പോലീസിന് ഒരു തെളിവ് പോലും ജനങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കാനായില്ല. സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് വിശ്വസിക്കുന്നവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടെന്നും ജോര്‍ജ് പറഞ്ഞു.

അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു ആവര്‍ത്തിച്ചു പറയപ്പെടുന്ന നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയെന്ന പി.സി.ജോര്‍ജിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ വനിതാ കമ്മിഷനും ഇടപെട്ടിരുന്നു. നടിയെ ആക്ഷേപിച്ചെന്ന പരാതിയുമായി എംഎല്‍എയ്‌ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ‘ രംഗത്തെത്തിയിരുന്നു.

നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടാക്കിയതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എംഎല്‍എയ്‌ക്കെതിരെ നടപടി എടുക്കണമെന്നും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നിയമസഭാ സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നു. അതേസമയം, അതിക്രമത്തിനു വിധേയയായ നടിക്കെതിരെ പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പൊതുസമൂഹം വിലയിരുത്തുമെന്നായിരുന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം. എംഎല്‍എമാരെ സഭയ്ക്കുള്ളില്‍ നിയന്ത്രിക്കാനേ സ്പീക്കര്‍ക്ക് അധികാരമുള്ളൂ. പുറത്ത് അവരുടെ പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്നു സ്പീക്കര്‍ക്കു നിര്‍ദേശിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.