“മുടിമുറിക്കല്‍” ഭീതിയിൽ ഉത്തരേന്ത്യ;ആദ്യ പ്രതിയെ പോലീസ് കണ്ടെത്തിയതോടെ ഞെട്ടിയത് ഇരയായ പെൺകുട്ടിയുടെ വീട്ടുകാർ

single-img
5 August 2017

ന്യൂഡല്‍ഹി: തലസ്ഥാനത്ത് കുറച്ചു ദിവസങ്ങളായി തുടരുന്ന മുടിമുറിക്കല്‍ ദുരൂഹതയുടെ ചുരുളഴിയുന്നു. കഴിഞ്ഞ ദിവസം സൗത്ത് ദില്ലിയില്‍ പതിനാല് വയസ്സുകാരിയുടെ മുടി മുറിച്ചത് സഹോദരന്മാരണെന്ന് കണ്ടെത്തിയതോടെ മുടിമുറിക്കല്‍ സംഭവത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സൗത്ത് ദില്ലിയിലെ ദക്ഷിന്‍പുരിയില്‍ പതിനാല് വയസ്സുകാരിയുടെ മുടി മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മുടി മുറിഞ്ഞ് വസ്ത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധിയില്‍പ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യം പറയുകയായിരുന്നു. ആരെങ്കിലും മുടി മുറിച്ചതായി താന്‍ കണ്ടില്ലെന്നും പെണ്‍കുട്ടി അറിയിക്കുകയുണ്ടായി.

ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും വിവിധ ഇടങ്ങളില്‍ സമാന സംഭവങ്ങള്‍ അരങ്ങേറിയതിനാല്‍ സംഭവത്തില്‍ ദുരൂഹത തോന്നിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയ സംഘം പെണ്‍കുട്ടിയോടും അടുത്ത ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയുടെ മുടിമുറിച്ചത് പത്ത് വയസ്സുകാരന്‍ സഹോദരനും 12 വയസ്സുള്ള അടുത്ത ബന്ധുകൂടിയായ ആണ്‍കുട്ടിയും ചേര്‍ന്നാണെന്ന് വ്യക്തമായത്. ഇരുവരും ചേര്‍ന്ന് നടത്തിയ കുസൃതിയായിരുന്നു ഇതെന്നും വ്യക്തമായതായി ഡല്‍ഹി ഡിസിപി രോമില്‍ ബാനിയ പറഞ്ഞു. ഇത് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും എഴുതി വാങ്ങിയതോടെ കേസ് അന്വേഷണം പൊലീസ് അവസാനിപ്പിച്ചു.

അതേസമയം മുടിമുറിക്കല്‍ സംഭവത്തിലെ മറ്റുള്ള കേസുകളില്‍ യാതൊരു തുമ്പും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ ദക്ഷിണാപുരിയിലേതിന് സമാനമായി മുടി മുറിക്കപ്പെട്ട മറ്റു സ്ത്രീകളുടേതും ഇതു പോലെ ബന്ധപ്പെട്ട ആരെങ്കിലുമോ, അല്ലെങ്കില്‍ സ്വയം ചെയ്തതോ ആയിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. സാഹചര്യത്തെളിവുകള്‍ ഒന്നും ലഭിക്കാത്തതു കൊണ്ടാവം ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നതെന്നും ഡിസിപി രോമില്‍ ബാനിയ പറഞ്ഞു.

പരാതികളില്‍ മുടി മുറിക്കപ്പെട്ട സ്ത്രീകളുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ത്രീകള്‍ സ്വയം ഇത്തരത്തില്‍ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പക്ഷേ വ്യക്തമായ തെളിവ് ലഭിക്കാത്തത് കേസന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉള്‍ഗ്രാമങ്ങളിലാണ് മുടി മുറിക്കല്‍ സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊടുന്നനെ തലവേദന അനുഭവപ്പെട്ട് മയങ്ങികിടക്കുന്ന സ്ത്രീകളുടെ പിന്നിയിട്ട മുടി മുറിച്ചു മാറ്റപ്പെടുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ ജനങ്ങള്‍ ഭീതിയിലായിരുന്നു.

ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളില്‍ ഒരേ ദിവസം തന്നെ സമാനമായ നാലോളം മുടിമുറിക്കല്‍ സംഭവങ്ങളാണ് ഉണ്ടായത്. ഹരിയാനയിലെ മേവാത് മേഖലയിലെ ഗ്രാമങ്ങളില്‍ ഏകദേശം 15 ഓളം സ്ത്രീകളാണ് പരാതിയുമായി എത്തിയത്.

ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാവാത്തതോടെ ദുഷ്ടശക്തികളാണ് സംഭവത്തിന് പിന്നിലെന്ന അന്ധവിശ്വാസ പ്രചരണങ്ങളും വ്യാപകമായിരുന്നു. തുടര്‍ന്ന് സ്ത്രീകളെ മയക്കി കിടത്തി മുടി മുറിക്കുന്ന സ്ത്രീയെന്നാരോപിച്ച് 60കാരിയെ ആഗ്രയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയുണ്ടായി. മുത്നൈ ഗ്രാമത്തിലെ ദളിത് കുടുംബത്തില്‍പെട്ട മാന്‍ദേവിയെയാണ് ആള്‍ക്കൂട്ടം ദുര്‍മന്ത്രവാദിയെന്നാരോപിച്ച് തല്ലിക്കൊന്നത്. മുടിമുറിക്കല്‍ ഭീതിയില്‍ അക്രമത്തിന് ഇരയാവുന്ന ആദ്യ സ്ത്രീയാണ് ഇവര്‍.