ദുബായില്‍ 65 വയസുകഴിഞ്ഞവര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധം

single-img
5 August 2017

ദുബായ്: ദുബായില്‍ 65 വയസ്സ് തികഞ്ഞവരും അതിനു മുകളിലുള്ളവരും ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇനിമുതല്‍ വൈദ്യപരിശോധനയ്ക്കു വിധേയരാകണം. അടുത്തമാസം ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരിക. ഇതുവരെ ലൈസന്‍സ് പുതുക്കാന്‍ നേത്ര പരിശോധനമാത്രമാണ് നിര്‍ബന്ധമായിരുന്നത്.
ഡ്രൈവിങിന് തടസമാകുന്ന അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് 65 വയസ് പിന്നിട്ടവര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നതെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ഇവരുടെ ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമായി ചുരുക്കിയിട്ടുണ്ടെന്നും ആര്‍ ടി എ ലൈസന്‍സിങ് അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അസ്അദ പറഞ്ഞു.

നേരത്തേ 10 വര്‍ഷത്തേക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നത്. ഡ്രൈവറുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ആര്‍ ടി എ കോള്‍സെന്റര്‍, വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ വഴി ലൈസന്‍സ് പുതുക്കാവുന്നതാണ്. വെബ്‌സൈറ്റില്‍ മെഡിക്കല്‍ പരിശോധനക്ക് അനുമതിയുള്ള ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പട്ടിക ലഭ്യമാണ്. ഈമാസം മുതല്‍ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കം സ്വകാര്യ ഡ്രൈവിങ് തസ്തികയിലുള്ളവര്‍ക്കും എല്ലാവര്‍ഷവും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.