രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി പാകിസ്താനില്‍ ഒരു ഹിന്ദു മന്ത്രി

single-img
5 August 2017

ഇസ്ലാമാബാദ്: രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി പാകിസ്താനില്‍ ഒരു ഹിന്ദു മന്ത്രി. ദര്‍ശന്‍ ലാലാണ് നാല് പ്രവശ്യകളുടെ ഏകോപന ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റെടുത്തത്. ന്യൂനപക്ഷ സംവരണ സീറ്റിലാണ് അദ്ദേഹം മത്സരിച്ചത്. പാകിസ്താന്‍ മുസ്ലിം ലീഗ്- നവാസ് (പിഎംഎല്‍-എന്‍) ടിക്കറ്റില്‍ മത്സരിച്ച ദര്‍ശന്‍ ലാല്‍ ഇത് രണ്ടാം തവണയാണ് ദേശീയ അസംബ്ലിയില്‍ എത്തുന്നത്. സിന്ധിലെ ഗോഡ്കി ജില്ലയില്‍ ഡോക്ടറായി സേവനം അനുഷ്ടിച്ചു വന്ന ദര്‍ശന്‍ ലാല്‍ പുനസംഘടനയെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്.

വെള്ളിയാഴ്ചയാണ് ഷാഹിദ് ഖാക്കാന്‍ അബ്ബാസിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാകിസ്താനില്‍ അധികാരം ഏറ്റെടുത്തത്. പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 28 മന്ത്രിമാരും 18 സഹമന്ത്രിമാരും ഉള്ളതായാണ് ഔദ്യോഗിക ടെലിവിഷനായ പി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്. നവാസ് ഷെരീഫ് മന്ത്രിസഭയില്‍ കാര്യമായ അഴിച്ചു പണി ഇല്ലാതെയാണ് അബ്ബാസി സര്‍ക്കാര്‍ രൂപവത്കരിച്ചത്. മന്ത്രിമാര്‍ മാറിയില്ലെങ്കിലും വകുപ്പുകളില്‍ മാറ്റമുണ്ടെന്നാണ് സൂചന. മുന്‍ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന ഖ്വാജ ആസിഫ് ആണ് പുതിയ വിദേശകാര്യമന്ത്രി എന്നാണ് റിപ്പോര്‍ട്ട്.

2013ല്‍ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്തിന് വിദേശകാര്യ മന്ത്രിയുണ്ടായിരുന്നില്ല. ആഭ്യന്തരമന്ത്രിയായി അഹ്‌സന്‍ ഇഖ്ബാലും പ്രതിരോധമന്ത്രിയായി ഖുറം ദസ്തീഗിര്‍ ഖാനും അധികാരമേല്‍ക്കും. പാകിസ്താന്‍ മുസ്ലീം ലീഗ്-എന്‍(പി.എം.എല്‍-എന്‍.) നേതൃത്വവുമായി അഭിപ്രായഭിന്നതയുള്ള മുന്‍ ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍ പുതിയ മന്ത്രിസഭയില്‍ അംഗമല്ല. പനാമ അഴിമതിക്കേസില്‍ നവാസ് ഷെരീഫിനൊപ്പം സുപ്രീം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ധനകാര്യമന്ത്രി ഇസ്ഹാഖ് ദര്‍ അതേവകുപ്പില്‍ തുടരും. ദനിയല്‍ അസീസ്, തലാല്‍ ചൗധരി, അര്‍ഷാദ് ലഘരി, ജുനൈദ് അന്‍വര്‍ ചൗധരി തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.