ഇന്ത്യയ്ക്കെതിരേ ഭീഷണി മുഴക്കി ചൈന;രണ്ടാഴ്ചക്കുള്ളിൽ സൈനിക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകൾ

single-img
5 August 2017

ബെയ്ജിങ്: ദോക് ലാം മേഖലയില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം ചൈനയുടെ ഭാഗത്തുനിന്നും സൈനിക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സിക്കിമിലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന സൈനിക നടപടിക്കു തയ്യാറായേക്കുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസിന്റെ മുഖപത്രത്തില്‍ പറയുന്നത്.
ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും പത്രത്തില്‍ വ്യക്തമാക്കുന്നു. പത്രത്തിന്റെ എഡിറ്റോറിയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉള്ളത്. മോദി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്കു തള്ളിവിടുകയാണെന്നാണ് ആരോപണം. മോദി സ്വന്തം ജനങ്ങളോടു നുണ പറയുകയാണ്. സൈനിക ശക്തിയില്‍ ചൈന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നും ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ പറയുന്നു.
ദോക്ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നില്‍ക്കുന്ന സൈനീക സംഘര്‍ഷം നീട്ടിക്കൊണ്ടു പോകാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും ചെറിയ രീതിയിലുള്ള സൈനിക നടപടിയിലൂടെ ഇന്ത്യന്‍ സൈന്യത്തെ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്താക്കുമെന്ന് ഷംഗ്ഹായ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ ഗവേഷണ വിദഗ്ദ്ധന്‍ ഹു ഷിയോംഗിനെ ഉദ്ധരിച്ചാണ് പത്രം മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
ദോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാവാത്ത ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ചൈന കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
ഇന്ത്യയോട് പരമാവധി സൗമനസ്യം കാട്ടിയിരിക്കുകയാണെന്നു പറഞ്ഞ ചൈന, സംയമനത്തിന് അതിന്റെ പരിധിയുണ്ടെന്നും മുന്നറിയിപ്പു നല്‍കി. അതിനു തൊട്ടു പിന്നാലെ ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു.
മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെയും, ശക്തമായ സ്‌ഫോടനങ്ങളുടെയും, പീരങ്കികള്‍ ഉപയോഗിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് ആണ് പുറത്തുവിട്ടത്. അതേസമയം ചൈനയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇതിനകം പ്രഖ്യാപിച്ച ഇന്ത്യ ഏത് സാഹചര്യത്തെ നേരിടാനും തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ഇസ്രായേല്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ ലോക ശക്തികളെല്ലാം ദോക് ലാം വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണ്.
ദോക് ലാ മേഖലയില്‍ ചൈന ചൈനയുടേതാണെന്നും ഭൂട്ടാന്‍ ഭൂട്ടാന്റേതാണെന്നും അവകാശപ്പെടുന്ന സ്ഥലത്ത് ചൈനീസ് സൈന്യം റോഡ് നിര്‍മിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.