പരീക്ഷാപ്പേടി മൂലം ഭീകരസംഘടനയില്‍ ചേരാന്‍ വീടുവിട്ടിറങ്ങി: കുട്ടികളെ രക്ഷപെടുത്തിയത് പോലീസ്

single-img
5 August 2017

ജമ്മുകാശ്മീര്‍: കുട്ടികളുടെ പരീക്ഷാപ്പേടി എന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാല്‍ തോല്‍ക്കുമോ എന്ന പേടിയില്‍ പരീക്ഷയില്‍ നിന്നും രക്ഷ നേടാനായി കശ്മീരിലെ രണ്ട് കുട്ടികള്‍ കണ്ടെത്തിയ വഴി എന്താണെന്നറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും. ആരുമറിയാതെ തീവ്രവാദ സംഘത്തില്‍ ചേരുക എന്നതായിരുന്നു രക്ഷപ്പെടാനായി ഇവര്‍ കണ്ടെത്തിയ പോംവഴി.

ബഷ്റാത് അഹമ്മദ് ധാര്‍(17)അനയാത്ത് ഖ്വായൂം ഭട്ട് (15) എന്നീ കുട്ടികളാണ് സ്‌കൂളില്‍ നടന്ന മോഡല്‍ പരീക്ഷയില്‍ പരാജയപ്പെടുമോയെന്ന ഭീതി മൂലം ഭീകര സംഘടനയില്‍ ചേരാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ജമ്മുകാശ്മീര്‍ പോലീസാണ് ഭീകര സംഘത്തില്‍ അകപ്പെടുന്നതിന് മുമ്പ് ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ നിന്നാണ് പോലീസ് ഇവരെ രക്ഷപ്പെടുത്തിയത്. കുട്ടികളെ കാണാനില്ലെന്ന പറഞ്ഞ് രണ്ടുപേരുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷം ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.