കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനം; തെളിവെടുപ്പ് ഇന്ന്, പ്രക്ഷോഭവുമായി ജനകീയ സമിതി

single-img
5 August 2017

കാസര്‍ഗോഡ്: കടലാടിപ്പാറയിലെ ബോക്‌സൈറ്റ് ഖനനം സംബന്ധിച്ച പൊതു തെളിവെടുപ്പ് ഇന്ന്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി ലഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് തെളിവെടുപ്പ് നടത്തുന്നത്.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തര മുതല്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലായിരിക്കും നടപടികള്‍. മലിനീകരണ നിയന്ത്രണബോര്‍ഡിലെ ഉദ്യോഗസ്ഥരും തെളിവെടുപ്പില്‍ പങ്കെടുക്കും.

അതേസമയം കടലാടിപ്പാറയില്‍ തെളിവെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ ജനാവലി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം ഉപരോധിക്കുകയാണ്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് തമ്പടിക്കുന്നുണ്ട്.

കടലാടിപ്പാറയിലെ ബോക്‌സൈറ്റ് ഖനനം വിവാദമായതോടെയാണ് പൊതുജനങ്ങളുടെ അഭിപ്രായം ആരായാനായി പൊതുതെളിവെടുപ്പ് എന്ന നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ട് വച്ചത്. പദ്ധതി പ്രദേശത്ത് തന്നെ തെളിവെടുപ്പ് സംഘടിപ്പിക്കണമെന്ന് ഉത്തരവില്‍ കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിലവില്‍ നീലേശ്വരം പഞ്ചായത്ത് ഓഫീസിന് സമീപമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പദ്ധതിപ്രദേശത്ത് നിന്ന് ഇരുപത് കിലോമീറ്ററോളം മാറി തെളിവെടുപ്പിന് വേദിയൊരുക്കിയത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കടലാടിപ്പാറ സംരക്ഷണ സമിതി ആരോപിക്കുന്നു. പ്രക്ഷോഭത്തിലൂടെ തെളിവെടുപ്പ് തടയാനാണ് സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ തീരുമാനം. ഇതിനൊപ്പം കോടതിയെ സമീപിക്കാനും ആലോചനയുണ്ട്