അണ്ണാ ഡിഎംകെയില്‍ സ്വാധീനമുറപ്പിക്കാന്‍ ദിനകരന്‍; അണികളെ ഒപ്പം ചേര്‍ക്കാൻ സംസ്ഥാന പര്യടനം നടത്തും

single-img
5 August 2017

ചെന്നൈ: അണ്ണാ ഡിഎംകെ അമ്മയില്‍ ശക്തമായ സ്വാധീനമുറപ്പിക്കാന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍. ഈ മാസം 14ന് മധുരയില്‍ നടക്കുന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയോടൊപ്പം തമിഴ്നാട് മുഴുവന്‍ സഞ്ചരിച്ച് അണികളെ ഒപ്പം ചേര്‍ക്കാനാണ് ദിനകരന്റെ നീക്കം.

തന്റെ പദവിയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും ഓഫീസ് ആരും കൈയേറിയിട്ടില്ലെന്നും ദിനകരന്‍ പറഞ്ഞു. അണ്ണാ ഡിഎംകെ വലിയ പാര്‍ട്ടിയാണ്, അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. അധികം വൈകാതെ തന്നെ നല്ല വാര്‍ത്ത കേള്‍ക്കുമെന്നും ഏതെങ്കിലും മുന്നണിയില്‍ ചേരുന്നത് തെരഞ്ഞെടുപ്പിന്റെ സമയത്ത് ആലോചിക്കുമെന്നും ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വികെ ശശികലയെയും മന്നാര്‍ഗുഡി കുടുംബത്തിലെ മറ്റ് അംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് ശേഷം ദിനകരന്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിരുന്നില്ല. ശനിയാഴ്ച്ച ഓഫീസിലെത്തുമെന്ന് പ്രഖ്യാപിച്ചതോടെ ചെന്നൈ റോയപ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയോടെ തുടങ്ങുന്ന അന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര മധുരയില്‍ നിന്നാകും ആരംഭിക്കുക. മന്ത്രിമാരെയടക്കം പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ദിനകരന്റെ നീക്കത്തില്‍ എടപ്പാടി വിഭാഗം എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയാം.