കുറ്റപത്രത്തിൽ വമ്പൻ സ്രാവില്ല? നടിയെ ആക്രമിച്ച കേസ് ദിലീപിൽ അവസാനിപ്പിക്കുന്നു

single-img
5 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നു. കേസില്‍ രണ്ടാം കുറ്റപത്രം തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പോലീസ് ആരംഭിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം കുറ്റപത്രവും പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കിയുള്ള ഒന്നാം കുറ്റപത്രവും ഒന്നിച്ചു വിചാരണ നടത്താന്‍ കഴിയുന്ന രീതിയിലേക്കാണ് പോലീസ് നീങ്ങുന്നത്. ദിലീപിന്റെ ജാമ്യം തടയാനുള്ള പോലീസിന്റെ മുന്‍കരുതലായും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തെ കരുതാം.

കേസന്വേഷണം ഊര്‍ജിതമായി മുന്നോട്ട് പോകുകയാണെന്നും ഇതുവരെയുള്ള തെളിവുകള്‍ ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയതവരെ വേണ്ടിവന്നാല്‍ ഇനിയും വിളിച്ചുവരുത്തുമെന്നും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം കുറ്റപത്രത്തില്‍ നടന്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണു സൂചന. അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ തിങ്കളാഴ്ച ജാമ്യപേക്ഷ സമര്‍പ്പിക്കുമെന്നണ് സൂചന. ആദ്യം ദിലീപിനു വേണ്ടി ഹാജരായ കെ.രാംകുമാറിനു പകരം മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി.രാമന്‍പ്പിള്ളയാണു ജാമ്യപേക്ഷ സമര്‍പ്പിക്കുക. ദിലീപിന്റെ കേസ് ഏറ്റെടുത്തെന്നു വ്യക്തമാക്കിയ രാമന്‍പ്പിള്ള കേസ് പഠിക്കുകയാണെന്നും അതിനുശേഷം നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും പറഞ്ഞു.

ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും കേസിലെ നിര്‍ണായക തെളിവായ അതിക്രമ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരായില്ലെന്നും തുടങ്ങിയ പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചാണു ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നത്. കഴിഞ്ഞ മാസം 10-നാണ് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോടനയ്ക്ക് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സമയമാണു പോലീസിനുള്ളത്. ഇത് ഒക്ടോബര്‍ 11 നു അവസാനിക്കും.