യുപിയിലെ മുഗള്‍സാരായ് റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റിയതില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

single-img
4 August 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രശസ്തമായ മുഗള്‍സാരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ് എന്നാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബിജെപി രാജ്യത്തിന്റെ ചരിത്രം മാറ്റി എഴുതാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം.

വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ബിഎസ്പിയും വിഷയത്തില്‍ പ്രതിഷേധിച്ചു. സമാജ്വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ രൂക്ഷ വിമര്‍ശനമുവായി രംഗത്തെത്തി. വര്‍ഷങ്ങള്‍ പഴക്കമുള്ള സ്റ്റേഷന്റെ പേര് മാറ്റുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നരേഷ് രാജ്യസഭയില്‍ പറഞ്ഞു. ഇങ്ങനെ പോകുകയാണെങ്കില്‍ ബിജെപി ന്യൂഡല്‍ഹിയുടെ പേരും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ മുഗള്‍സാരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ് എന്നാക്കി മാറ്റാന്‍ യോഗി ആദിത്യനാഥ് കേന്ദ്ര സര്‍ക്കാരിനോട് അനുമതി ചോദിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ച സര്‍ക്കാര്‍ സ്റ്റേഷന്റെ പേര് മാറ്റാന്‍ യോഗി സര്‍ക്കാരിന് അനുമതി നല്‍കുകയായിരുന്നു.

അതേസമയം സംഭവത്തില്‍ പ്രതിക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് രംഗത്തെത്തി. സ്റ്റേഷന്‍ മുഗള്‍ വംശജരുടെ പേരില്‍ വേണം, പണ്ഡിറ്റ് ദീന്‍ ദയാലിന്റെ പേരില്‍ പാടില്ല എന്ന പിടിവാശി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദീന്‍ ദയാല്‍ ഉപാധ്യയുടെ പ്രാധാന്യത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തോട് അദ്ദേഹം ഒരു വലിയ ചരിത്രകാരനും ചിന്തകനുമായിരുന്നെന്ന് മുക്താര്‍ അബ്ബാസ് പറഞ്ഞു.