ഇനി ട്രെയിനിലും കടം പറയാം: പണമില്ലെങ്കിലും യാത്ര ചെയ്യാനുള്ള സൗകര്യവുമായി റെയില്‍വേ

single-img
4 August 2017

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനമായ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ തത്കാല്‍ ക്വോട്ടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണം പിന്നീട് നല്‍കാവുന്ന സംവിധാനമാണ് ഇന്ത്യന്‍ റയില്‍വേ തയ്യാറാക്കിയിരിക്കുന്നത്.

‘ഇപേയ്‌മെന്റ് ലെയ്റ്റര്‍’ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഐആര്‍സിടിസി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പേയ്‌മെന്റ് നടത്താനായി ഇപേയ്‌മെന്റ് ലെയ്റ്റര്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് എന്ന കമ്പനിയുടെ ഇപേയ് ലെയ്റ്റര്‍ പദ്ധതിയുമായി സഹകരിച്ചാണ് ഐആര്‍സിടിസി യാത്രക്കാര്‍ക്ക് പുതിയ അവസരമൊരുക്കിയിരിക്കുന്നത്.

ഐആര്‍സിടിസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയില്‍ അഡ്രസിലേക്കും, ഫോണ്‍ നമ്പറിലേക്കും പേയ്‌മെന്റ് ലിങ്ക് ഇമെയിലും, എസ്എംഎസും എത്തും. ഈ ലിങ്കിലൂടെ 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടച്ചാല്‍ മതി. ടിക്കറ്റ് തുകയുടെ 3.50 ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കും. ഒപ്പം നികുതിയും ബാധകമാണ്.

റയില്‍വേയുടെ ഈ സേവനം നേരത്തെ ജനറല്‍ റിസര്‍വേഷനുകള്‍ക്ക് മാത്രമേ ലഭ്യമാക്കിയിരുന്നുള്ളൂ. തത്കാല്‍ ബുക്കിംഗ് ചെയ്യുന്നവര്‍ക്കായി ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വഴിയുള്ള പണമിടപാട് മാത്രമാണ് നല്‍കിയിരുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ സംവിധാനത്തിലൂടെയുള്ള പണമിടപാട് നടത്തുമ്പോള്‍ പിഴവ് സംഭവിച്ചാല്‍ അവരുടെ ടിക്കറ്റ് സ്ഥിരീകരിക്കാന്‍ ഐആര്‍സിടിസിയ്ക്ക് ആകുമായിരുന്നില്ല.

പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്രദമാകും. ഇതോടെ പെട്ടുന്നുള്ള യാത്രയ്ക്ക് തയ്യാറാവുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമെന്ന് കരുതുന്നു. പലപ്പോഴും പണം ഡെബിറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും ഒന്നിലധികം കാരണങ്ങളാല്‍ ടിക്കറ്റ് ലഭിക്കാതെ വരുന്നതും പുതിയ സവിശേഷതകൊണ്ട് ഇല്ലാതെയാകും.

അതേസമയം 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഫൈന്‍ നല്‍കേണ്ടി വരും. ഒപ്പം ഐആര്‍സിടിസി അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യും. പലതവണ സന്ദേശം ലഭിച്ചിട്ടും പണമടക്കാത്തവരെ സൈറ്റില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്യും. ക്യാന്‍സലാക്കുന്ന ടിക്കറ്റിന്റെ റീഫണ്ടിംഗ് നടപടികള്‍ ഏഴ് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.