ദിലീപിനെ ജയിലിന് പുറത്തിറക്കാതിരിക്കാനുള്ള നീക്കവുമായി പോലീസ്: കുരുക്ക് മുറുക്കും

single-img
4 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുപ്പത് ദിവസത്തിനുള്ളില്‍ കുറ്റപ്പത്രം സമര്‍പ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങി. ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യത്തിനായുള്ള ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. ജാമ്യം ലഭിക്കും മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപ് വീണ്ടും വിചാരണ തടവുകാരനാകേണ്ടിവരും.

കേസില്‍ ദിലീപിനൊപ്പം നാദിര്‍ഷായും മാനേജര്‍ അപ്പുണ്ണിയും പ്രതികളാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരേയും മാപ്പുസാക്ഷിയാക്കില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും പ്രതിയാകാനാണ് സാധ്യത. നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ അപ്പുണ്ണിയും നാദിര്‍ഷയും നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. അതുകൊണ്ട് ഇരുവരേയും കേസില്‍ വീണ്ടും ചോദ്യം ചെയ്‌തേക്കും.

കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് പൊലീസിന് ലഭിച്ച പ്രധാന മൊഴി. അഡ്വ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ അത് നശിപ്പിച്ചുവെന്ന് മൊഴി നല്‍കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യും. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹോദരിയെ ചോദ്യം ചെയ്യുക. വിഷ്ണുവില്‍ നിന്നും കത്ത് വാങ്ങിയ ശേഷം ദിലീപിന്റെ സഹോദരിയെ ഫോണില്‍ വിളിച്ചതായി അപ്പുണ്ണി മൊഴിനല്‍കിയിട്ടുണ്ട്.

സഹോദരിയുടെ ഫോണില്‍ സംസാരിച്ചത് ദിലീപാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം ഉറപ്പ് വരുത്താനാണ് സഹോദരിയെ ചോദ്യം ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ സഹോദരിയെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം പുതിയ അഭിഭാഷകന്‍ കേസ് ഏറ്റെടുത്ത ശേഷം വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ദിലീപിന്റെ തീരുമാനം. ദിലീപിനു വേണ്ടി വാദിക്കാന്‍ പ്രമുഖ അഭിഭാഷകന്‍ ജി.രാമന്‍പിള്ളയാണ് എത്തുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ് ഇന്നലെ രാമന്‍പിള്ളയുമായി ചര്‍ച്ച നടത്തിയിരുന്നു.

തിങ്കളാഴ്ച വക്കാലത്തില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെത്തന്നെ ഒരിക്കല്‍കൂടി സമീപിക്കുന്നത്. അഡ്വ. രാംകുമാര്‍ ആയിരുന്നു നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍.