ഗവര്‍ണര്‍ക്കെതിരെ കോടിയേരി: മുഖ്യമന്ത്രിയെ സമണ്‍ ചെയ്‌തെന്ന് ട്വീറ്റ് ചെയ്ത നടപടി ഒഴിവാക്കേണ്ടതായിരുന്നു

single-img
4 August 2017

 

തിരുവനന്തപുരത്തെ ക്രമസമാധാന പ്രശ്‌നത്തില്‍ ഗവര്‍ണര്‍ നടത്തിയ ഇടപെടലുകള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി എന്ന ഗവര്‍ണറുടെ ട്വീറ്റ് ഒഴിവാക്കാമായിരുന്നു.

ട്വീറ്റ് ജനാധിപത്യവ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തും. ക്രമസമാധാന പ്രശ്‌നമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. ഇതില്‍ ഭരണഘടനവിരുദ്ധമായി ഇടപെട്ട് ഭരണം നടത്താന്‍ ആരെയും അനുവദിക്കില്ല.

ഈ വിഷയത്തില്‍ ഉപദേശകന്റ് റോള്‍ മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിലും ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ഗവര്‍ണര്‍ പി സദാശിവം രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ സംഭവത്തില്‍ ഗവര്‍ണറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ശരിയായ നടപടിയല്ലെന്ന് സംസ്ഥാന സമിതി വിലയിരുത്തി.

മുഖ്യമന്ത്രിയ്ക്ക് പിന്നാലെ ഡിജിപിയെ വിളിച്ചുവരുത്തിയത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും യോഗം കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായ ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയിരുന്നത്. അക്രമങ്ങളില്‍ അസംതൃപ്തി അറിയിച്ച ഗവര്‍ണര്‍, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയും ചോദിച്ചറിഞ്ഞിരുന്നു.