ഒാലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് ആർഎസ്എസിനോട് കോടിയേരി

single-img
4 August 2017

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നത് ആര്‍എസ്എസിന്റെ സ്വപ്‌നം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ കുറിച്ച് ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുന്നു.

 

കൊലപാതകങ്ങളുടെ എണ്ണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണെങ്കില്‍ ആദ്യം പിരിച്ചുവിടേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പിന്നെ മഹാരാഷ്ട്രയും ഗുജറാത്തും രാജസ്ഥാനും പിരിച്ചുവിടണം.

 

അതൊക്കെ കഴിഞ്ഞേ കേരളത്തിന്റെ കണക്ക് വരുകയുള്ളു. അതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന തരത്തിലുള്ള ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

 

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിയിൽ അപാകത സംസ്ഥാന കമ്മിറ്റി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുമായി മുഖ്യമന്ത്രിക്കു ആശയവിനിമയം നടത്തണമായിരുന്നു. സർക്കാരുമായി ഗവർണർക്കു നല്ല ബന്ധമാണ് ഉള്ളത്.

 

ഗവർണർ രാഷ്ട്രീയപരമായി ഇടപെടുകയാണെങ്കിൽ അതിനെ പാർട്ടി ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയാണ് ഗവർണറെ വിമർശിക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും സർക്കാരിനെ തകർക്കാൻ ആലോചിക്കുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.