കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി

single-img
4 August 2017


കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തുപോയി. ഇന്നുരാവിലെ എട്ടോടെ ആയിരുന്നു അപകടം. ആളപായമില്ലെന്നു അധികൃതര്‍ അറിയിച്ചു. ബെംഗളൂരു സ്‌പൈസ്‌ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

വന്‍ ദുരന്തമാണ് ഒഴിവായത്. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണ് വിമാനം തെന്നിമാറിയത്. പൈലറ്റുമാര്‍ക്ക് തിരിച്ചറിയാനായി റണ്‍വേയില്‍ സ്ഥാപിക്കുന്ന ലൈറ്റുകളില്‍ ആറെണ്ണം അപകടത്തില്‍ തകര്‍ന്നു. അപകടസാധ്യത അറിഞ്ഞതോടെ വിമാനത്താവളത്തിലെ അഗ്‌നിശമന സേനാ യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഇതേ തുടര്‍ന്ന് റണ്‍വെ മുക്കാല്‍ മണിക്കൂര്‍ അടച്ചിട്ടു.

വിമാനത്താവള അധികൃതരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് അപകടം ഇല്ലാതെ വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്തു. വിമാനത്താവള അധികൃതര്‍ പൈലറ്റിനോടു പ്രാഥമികമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മധ്യഭാഗത്ത് ലാന്‍ഡ് ചെയ്യേണ്ടതിന് പകരം ഇടതു വശത്താണ് സ്‌പൈസ് ജെറ്റ് വിമാനം ഇറങ്ങിയത്. വിമാനത്തിന് കേടുപാടുകളില്ല. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടക്കും.