ഹാദിയ കേസ്: ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീംകോടതി

single-img
4 August 2017

വൈക്കം സ്വദേശി ഹാദിയയുടെ മതംമാറിയുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയ നടപടിയില്‍ എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ഒരാഴ്ചക്കുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്. കേസില്‍ എന്‍ഐഎയുടെ നിലപാടും സുപ്രീംകോടതി ആരാഞ്ഞു. ഹൈക്കോടതി നിരീക്ഷണങ്ങള്‍ ഗൗരവമുള്ളതെന്ന് പറഞ്ഞ കോടതി ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജവാന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും ആരാഞ്ഞു. ആവശ്യപ്പെട്ടാല്‍ ഹാദിയയെ 24 മണിക്കൂറിനകം ഹാജരാക്കണമെന്നും കോടതി പറഞ്ഞു.

ഹാദിയയെ വിവാഹം കഴിച്ച യുവാവിനും, അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്നും ഹാദിയയുടെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസില്‍ സുപ്രീംകോടതി എന്‍ഐഎയുടെ നിലപാട് ആരാഞ്ഞത്. എന്‍ഐഎ ഈ കേസില്‍ ഹൈക്കോടതിയിലും കക്ഷിയായിരുന്നു. അതുകൊണ്ടാണ് എന്‍ഐഎയോട് കോടതി നിലപാട് ചോദിച്ചത്.

മതം മാറിയ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മേയ് 24നു കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിര്‍ബന്ധിച്ചു മതം മാറ്റിയെന്നാരോപിച്ചു അഖിലയുടെ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. പിന്നീട് യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവനുസരിച്ച് പൊലിസ് സംരക്ഷണത്തോടെ വൈക്കം ടിവി പുരത്തെ വീട്ടിലാണ് ഇപ്പോള്‍ ഹാദിയ.