വീണ്ടും സദാചാര ഗുണ്ടായിസം: മുസ്ലീം പെൺകുട്ടിയേയും കൊണ്ടു സ്കൂട്ടറിൽ വന്ന ഹിന്ദുച്ചെക്കനെ തടഞ്ഞുവെച്ച് ചിത്രീകരിച്ച വീഡിയോ പോസ്റ്റ് ചെയ്ത് സദാചാര ആങ്ങള

single-img
4 August 2017

മുസ്ലീം പെൺകുട്ടിയുമായി സ്കൂട്ടറിൽ വന്ന ഹിന്ദുയുവാവിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ആശങ്ക പ്രകടിപ്പിച്ച “സദാചാര ആങ്ങള”യ്ക്ക് ഫെയ്സ്ബുക്കികളുടെ പൊങ്കാല. മലപ്പുറം സ്വദേശിയായ സഈദ് എം ടി കുഞ്ഞൂട്ടി എന്നയാളാണു കോഴിക്കോട് തുഷാരഗിരിയിൽ തന്റെ സുഹൃത്തായ പെൺകുട്ടിയോടൊപ്പം എത്തിയ യുവാവിനെ തടഞ്ഞുവെച്ചശേഷം വീഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ ഇടുകയായിരുന്നു.

“3-8-17 ന് ഈ activa വണ്ടിയിൽ ഒരു ഹിന്ദു ചെക്കൻ മുസ്ലിം പെൺകുട്ടിയ്യുേ കൊണ്ട് കോഴിക്കോട് കോടഞ്ചേരി തുഷാരഗിരിയിൽ വന്നതായി കണ്ടു ആരേലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് ശ്രെദ്ധിച്ചേക്ക്..മലപ്പുറത്ത് ആണ് രണ്ടു പേരുടെയും വീട്“ എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. കൂടെ യുവാവിന്റെ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോയും കൂടെ ഒരു വീഡിയോയും ഉണ്ടായിരുന്നു. ഈ വീഡിയോയിൽ രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം ഒരു യുവാവിനേയും തട്ടമിട്ട യുവതിയേയും തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നത് കാണാം. ഇവരുടെ വീട്ടിലെ ഫോൺ നമ്പർ തരാനും മറ്റും നിർബ്ബന്ധിക്കുന്ന സദാചാരഗുണ്ടകളോട് യുവാവ് തങ്ങളെ വെറുതേവിടാൻ അഭ്യർത്ഥിക്കുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്.

സ്വയം പ്രഖ്യാപിത സദാചാരഗുണ്ട സഈദ്

സഈദിന്റെ പോസ്റ്റ് വ്യാപകമായ സോഷ്യൽമീഡിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. തങ്ങളുടെ രോഷം സഭ്യവും അസഭ്യവുമായ ഭാഷയിൽ ഫെയ്സ്ബുക്ക് മലയാളികൾ പ്രകടിപ്പിച്ചു.

 

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൊല്ലം അഴീക്കലിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അനീഷ് എന്ന പാലക്കാട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഓർമ്മിപ്പിച്ചുകൊണ്ടാണു പലരും സഈദിനെ ചോദ്യം ചെയ്തത്. അന്നും അക്രമികൾ ഇതുപോലെ ഇവരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിൽ മനംനൊന്താണു അനീഷ് ആത്മഹത്യ ചെയ്തത്.

 

ആയിരത്തിനടുത്ത് ഷെയറുകളും രണ്ടായിരത്തിലധികം കമന്റുകളുമായി സഈദിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു ന്യൂനപക്ഷം സദാചാരവാദികൾ ഇയാളെ അനുകൂലിച്ചെങ്കിലും ബഹുഭൂരിപക്ഷം പേരും ഇയാളുടെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ചു. പോസ്റ്റിലെ വർഗ്ഗീയതയും സദാചാരവുമെല്ലാം ചർച്ചചെയ്യപ്പെട്ടു. പൊങ്കാലയും തെറിവിളികളും രൂക്ഷമായതോടെ  ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. നിയമനടപടി ഭയന്നാകാം ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

പക്ഷേ ആയിരത്തോളം തവണ ഷെയർ ചെയ്യപ്പെട്ട ഈ പോസ്റ്റിലെ വീഡിയോയിൽ ഈ യുവാവിന്റെ മുഖവും വാഹനത്തിന്റെ നമ്പരും ദൃശ്യമാണു. ഇയാൾക്കെതിരെ നിയമനടപടിയെടുക്കണമെന്നാണു സോഷ്യൽമീഡിയ ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്.