ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

single-img
4 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപ്, പുതിയ അഭിഭാഷകനെ നിയമിച്ച് ജാമ്യത്തിനായി ഹൈക്കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ അഭിഭാഷകനെ നിയമിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആലോചിക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണു ജാമ്യത്തിനായി ഹൈക്കോടതിയെത്തന്നെ ഒരിക്കല്‍കൂടി സമീപിക്കുന്നത്.

ആദ്യം മജിസ്‌ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയാണു വാദത്തില്‍ നിര്‍ണായകമായത്. മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹര്‍ജികള്‍ തള്ളിയപ്പോള്‍ പ്രതികള്‍ക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതുമായി സുപ്രീം കോടതിയെ സമീപിക്കുന്നതു ബുദ്ധിയല്ലെന്ന നിയമോപദേശമാണു ദിലീപിനു ലഭിച്ചത്.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് അറിയാമെന്നും അപ്പുണ്ണി പ്രതിയാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.

എന്നാല്‍ കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികള്‍ വസ്തുതാപരമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു പൊലീസ്.