gulf

പ്രവാസി യുവാവിനെ വഴിയാധാരമാക്കിയത് നടന്‍ ദിലീപോ ?

വടകര: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടന്‍ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഭൂമിയിടപാടും വിവാഹ വാര്‍ത്തയ്ക്കും പിന്നാലെ ദിലീപിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രവാസിയായ വടകര സ്വദേശി ജാസിര്‍.

ദിലീപും യുഎഇയിലെ സുഹൃത്തും ചേര്‍ന്ന് തന്നെ വഴിയാധാരമാക്കിയതായാണ് ജാസിറിന്റെ ആരോപണം. ദിലീപും ആ സുഹൃത്തും കാരണം തന്റെ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന നാലായിരം ദിര്‍ഹം ശമ്പളമുള്ള ജോലി നഷ്ടപ്പെട്ടുവെന്നും ഇപ്പോള്‍ താനും കുടുംബവും വഴിയാധാരമായിരിക്കുകയാണെന്നുമാണ് ജാസിറിന്റെ ആരോപണം. മലയാളത്തിലെ ഒരു പ്രമുഖ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇയാള്‍ ദുബായിലെ ഒരു കഫ്റ്റീരിയയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം എന്നു പറയുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാസിറിന്റെ ബൈക്കില്‍ ഏതോ കാറിടിച്ച് നിര്‍ത്താതെ പോവുകയുണ്ടായി. എണീറ്റ് നില്‍ക്കാന്‍ പോലും പറ്റാതിരുന്ന ജാസിറിനെ പിന്നാലെ വന്ന ദിലീപും സുഹൃത്തും ചേര്‍ന്ന് സഹായിക്കുകയും പിന്നീട് പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ദിലീപിന്റെ സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ചലച്ചിത്ര നടന്‍ ദിലീപ് വാഹനാപകടത്തില്‍പ്പെട്ട മലയാളി യുവാവിനെ രക്ഷിച്ചു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വളരെ പെട്ടെന്ന് വൈറലായി. പ്രവാസി മലയാളികളടക്കമുള്ളവര്‍ താരത്തെ പ്രശംസ കൊണ്ട് മൂടി. ഇതോടെ പ്രവാസികള്‍ക്കിടയില്‍ ദിലീപിന്റെ ജനപ്രീതി വര്‍ദ്ധിച്ചു.

തനിക്ക് എല്ലാ സഹയവും ചെയ്തത് ദിലീപാണെന്നും ഇഷ്ടനായകന്‍ അദ്ദേഹമാണെന്ന് പറയണമെന്നും ജാസിറിന് നിര്‍ദേശം ലഭിച്ചു. കിംഗ് ലയര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായില്‍ നടക്കുന്ന സമയമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതിനോടനുബന്ധിച്ച് ജുമൈറയില്‍ നടത്തിയ പാര്‍ട്ടിയിലേയ്ക്കും ജാസിറിന് ക്ഷണം ലഭിച്ചു.

”അന്ന് എന്റെ കുടുംബകാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ദിലീപ്, എന്നോട് കഫ്റ്റീരിയയിലെ ഡെലിവറി ബോയിയുടെ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞു. കൂടുതല്‍ ശമ്പളം ലഭിക്കുന്ന മെച്ചപ്പെട്ട ജോലി തന്റെ സ്‌പോണ്‍സറുടെ കമ്പനിയില്‍ ശരിയാക്കിത്തരാമെന്നും ഏറ്റു. ഇതേ തുടര്‍ന്ന് ഞാന്‍ ജോലി വിടാന്‍ തീരുമാനിച്ചു. നാട്ടിലേയ്ക്ക് വിളിച്ച് ഉമ്മയോടും സഹോദരിമാരോടും കാര്യങ്ങള്‍ പറഞ്ഞു”.

നമുക്ക് നല്ല കാലം വരാന്‍ പോകുന്നുവെന്നും നടന്‍ ദിലീപ് നമ്മളെ രക്ഷപ്പെടുത്തുമെന്നും പറഞ്ഞപ്പോള്‍ അവരെല്ലാം അദ്ദേഹത്തിന്റെ നല്ല മനസിനെ പ്രകീര്‍ത്തിച്ചു. പലരും അരുതെന്ന് പറഞ്ഞിട്ടും ജോലി വിട്ടു. വിസ റദ്ദാക്കി നാട്ടിലേയ്ക്ക് പോയി. എന്നാല്‍, നാട്ടിലെത്തി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല.

തുടര്‍ന്ന് സുഹൃത്തിനോടൊപ്പം എറണാകുളത്തേയ്ക്ക് പോയി ദിലീപിന്റെ ‘ദേ പുട്ടി’ല്‍ അന്വേഷിച്ചു. അവിടെ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ നമ്പര്‍ ലഭിച്ചു. അതില്‍ വിളിച്ചപ്പോള്‍, വിഷമിക്കേണ്ടെന്നും ദിലീപിനോട് കാര്യം പറഞ്ഞ് എല്ലാം ശരിയാക്കാമെന്നും അറിയിച്ചു. ഇതോടെ സന്തോഷത്തോടെ വടകരയിലേയ്ക്ക് മടങ്ങി.

വീണ്ടും കാത്തിരിപ്പ് തുടരുകയല്ലാതെ ജോലിയൊന്നും ലഭിച്ചില്ല. ഒടുവില്‍ അജ്മാന്‍ ഫ്രീ സോണിലെ സ്‌പോണ്‍സറുടെ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷേ വളരെ കഷ്ടപ്പെട്ട് ജോലിയെടുത്തിട്ടും മാസം 1500 ദിര്‍ഹമായിരുന്നു അവിടെ ശമ്പളമെന്നും അതോടെ ജോലി ഉപേക്ഷിച്ചുവെന്നും യുവാവ് പറയുന്നു. ഇനിയെല്ലാം ഒന്നില്‍ നിന്ന് തുടങ്ങണെന്നും തന്റെ ഈ അവസ്ഥയ്ക്കു കാരണം ദിലീപാണെന്നും ജാസിര്‍ ആരോപിച്ചു.