സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍

single-img
4 August 2017

സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 2018 ഫെബ്രുവരി 23 മുതല്‍ 28 വരെയാണ് സമ്മേളനം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കോടിയേരി. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയാകും ബ്രാഞ്ച് സമ്മേളനങ്ങള്‍. ഒരു ദിവസം മുഴുവന്‍ സമയമെടുത്താകും ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുക.

ലോക്കല്‍ സമ്മേളനങ്ങള്‍ വളണ്ടിയര്‍ മാര്‍ച്ചോടും റാലിയോടുകൂടിയാകും സംഘടിപ്പിക്കുക. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ടി കമ്മിറ്റികളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ അവസാന വാരത്തോടെ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. ജില്ല കമ്മിറ്റികളുടെ അനുമതിയോടെ ഏരിയ കമ്മറ്റിയിലെ അംഗസഖ്യ 21 വരെ ആക്കും. നേരത്തെ തീരുമാനിച്ചതനുസരിച്ച് മൂന്ന് ടേം പൂര്‍ത്തിയാക്കിയ സെക്രട്ടറിമാരെ മാറ്റി നിര്‍ത്തിയാകും പുതിയ കമ്മിറ്റികള്‍.

സെപ്തംബര്‍ 2324 വരെ ഏഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സമ്മേളനം കൊച്ചിയില്‍ നടക്കുമെന്നും കോടിയേരി അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 24ന് കൊച്ചിയില്‍ റാലിയും സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.