സീതാറാം യെച്ചൂരിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാനസമിതി

single-img
3 August 2017

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ സീതാറാം യെച്ചൂരിയ്ക്ക് രൂക്ഷ വിമര്‍ശനം. യെച്ചൂരി രാജ്യസഭയിലേയ്ക്ക് മത്സരിക്കാന്‍ നീക്കം നടത്തിയെന്നാണ് വിമര്‍ശനമായി അംഗങ്ങള്‍ ഉന്നയിച്ചത്. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് യെച്ചൂരിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. കോണ്‍ഗ്രസ് പിന്തുണയാകാമെന്ന നിലപാടില്‍ യെച്ചൂരി മൗനം പാലിച്ചുവെന്നാണ് വിമര്‍ശനം.

പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് യെച്ചൂരിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കെ.എന്‍.ബാലഗോപാല്‍, എം.സ്വരാജ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് വിമര്‍ശനമുന്നയിച്ചത്. സീതാറാം യെച്ചൂരിയെന്ന വ്യക്തിക്കായിരുന്നു കോണ്‍ഗ്രസ് പിന്തുണ നല്‍കിയതെന്ന് എസ്.രാമചന്ദ്രന്‍പിള്ള യോഗത്തില്‍ പറഞ്ഞു.

രാജ്യസഭാ സീറ്റില്‍ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന കേന്ദ്രകമ്മിറ്റി തീരുമാനം എസ്.രാമചന്ദ്രന്‍പിള്ള യോഗത്തില്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറിയുടേത് ഭാരിച്ച ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ മത്സരരംഗത്തിറങ്ങുന്നത് ശരിയല്ല എന്നതാണ് തീരുമാനത്തിനു പിന്നിലെ ഒന്നാമത്തെ കാരണം. രണ്ടുതവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടതില്ലെന്ന നിബന്ധന പാലിച്ചു. കോണ്‍ഗ്രസ് സീതാറാം യെച്ചൂരിയെയാണ് പിന്‍തുണക്കാമെന്ന് വാഗ്ദാനം ചെയ്തത്. സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി ആരായാരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കേണ്ടതില്ലെന്ന സന്ദേശമാണ് കേന്ദ്രകമ്മിറ്റി നല്‍കിയതെന്നും എസ്.ആര്‍.പി വ്യക്തമാക്കി.