ഇനി പ്രവാസികള്‍ക്കും വോട്ട് ചെയ്യാം: പ്രവാസി വോട്ടവകാശ ബില്ലിന് അംഗീകാരം

single-img
3 August 2017

ദില്ലി: പ്രവാസി വോട്ടവകാശ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇലക്‌ട്രോണിക് തപാല്‍ ബാലറ്റിനുള്ള നിര്‍ദ്ദേശമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ ഒരു കോടിയോളം വരുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ എത്താതെ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയും.

2014 ഓക്‌ടോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പച്ചക്കൊടി കാട്ടിയത്. പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കാനും കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു. എങ്ങനെയാണ് പ്രവാസികളുടെ വോട്ടവകാശം നടപ്പാക്കാന്‍ പോകുന്നതെന്ന് എത്രയും വേഗം തീരുമാനിക്കണമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.

തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന ഇന്ത്യക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ടു രേഖപ്പെടുത്താന്‍ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിലവിലുള്ള നിയമം. ഇതിനു പകരം, അവര്‍ താമസിക്കുന്ന രാജ്യത്ത് വോട്ടിങ്ങിന് അവസരമൊരുക്കുകയോ പകരക്കാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ അവസരം നല്‍കുകയോ വേണമെന്നതുള്‍പെടെ നിര്‍ദേശങ്ങളാണ് സര്‍ക്കാറിനു മുന്നിലുള്ളത്.

ഓണ്‍ലൈനായി ബാലറ്റ് പേപറുകള്‍ ഏറ്റവുമടുത്ത എംബസികളിലോ കോണ്‍സുലേറ്റുകളിലോ എത്തിച്ച് വോട്ടു രേഖപ്പെടുത്തുന്ന രീതിയും കേന്ദ്രം പരിഗണിക്കുന്നുണ്ടായിരുന്നു.  ആവശ്യമായ നിര്‍ദേശങ്ങള്‍ പാലിച്ച് പകരക്കാരെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തുന്ന സംവിധാനവും കേന്ദ്രം ആലോചിക്കുന്നുണ്ട്. പ്രതിനിധിയാകുന്നയാള്‍ നിലവില്‍ മണ്ഡലത്തില്‍ താമസിക്കുന്ന ആളായിരിക്കണം എന്നതു മാത്രമാണ് നിബന്ധന. ഇതുരണ്ടും നടപ്പാകാന്‍ നിലവിലുള്ള ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റംവരുത്തി പുതിയ ബില്ല് അവതരിപ്പിക്കണം. ഇത് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.