പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് ദളിത് യുവാവ് ആത്മഹത്യ ചെയ്ത കേസ് ലോകായുക്ത അന്വേഷിക്കും

single-img
3 August 2017

തൃശൂര്‍: പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് ലോകായുക്ത അന്വേഷിക്കും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാര്‍ ഹാജരാകണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. ജൂലൈ 16, 17 തിയ്യതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറല്‍ ഡയറിയും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത ശരത്തിനോടും ഹാജരാകാന്‍ ലോകായുക്ത നിര്‍ദേശിച്ചു. ഇതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്കും, എസ്പിയ്ക്കും, ദേശീയ പട്ടികജാതി കമ്മീഷന്‍ നിര്‍ദേശം നല്‍കി. പൊലീസ് നടപടിയില്‍ കമ്മീഷന്‍ വിമര്‍ശനവും അതൃപ്തിയും രേഖപ്പെടുത്തി.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെ ജൂലൈ 17നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് കൂടെ അറസ്റ്റിലായ സുഹൃത്ത് ശരത് പറഞ്ഞിരുന്നു.

കാലുകളില്‍ ബൂട്ടിട്ട് ചവിട്ടിയെന്നും തലമുടി വലിച്ചു പറിച്ചുവെന്നും മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചുവെന്നും ശരത് പറഞ്ഞിരുന്നു. ദേഹത്താകമാനം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. ശരത് പറഞ്ഞത് മുഴുവന്‍ സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വിനായകന്റെ കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞദിവസം കുടുംബം ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് വിനായകന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ കേസ് അട്ടിമറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്. ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിയുണ്ടാക്കല്‍, ആത്മഹത്യാ പ്രേരണ തുടങ്ങി പൊലീസിനെ ദോഷകരമായി ബാധിക്കുന്ന സകല വകുപ്പുകളും ഒഴിവാക്കിക്കൊണ്ടാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.