കൊളംബോ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്: പൂജാരക്കും രഹാനെക്കും സെഞ്ചുറി

single-img
3 August 2017

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്. ചേതേശ്വര്‍ പൂജാരയുടേയും (128) അജിങ്ക്യ രഹാനെയുടേയും (103) സെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. ഇരുവരും പുറത്താകാതെ നില്‍ക്കുകയാണ്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 344/3 എന്ന നിലയിലാണ്.

225 പന്തുകള്‍ നേരിട്ട പൂജാര, 10 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 128 റണ്‍സെടുത്തത്. 168 പന്തുകള്‍ നേരിട്ട രഹാനെ, 12 ബൗണ്ടറികളോടെ 103 റണ്‍സെടുത്തും ക്രീസിലുണ്ട്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുല്‍, (82 പന്തില്‍ 57), മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്‍ (37 പന്തില്‍ 35), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (29 പന്തില്‍ 13) എന്നിവരാണ് പുറത്തായത്.

50ആം ടെസ്റ്റ് കളിക്കുന്ന പൂജാര, 4000 റണ്‍സ് നേട്ടം സ്വന്തമാക്കുന്നതിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഗാവസ്‌കര്‍ (4947), രാഹുല്‍ ദ്രാവിഡ് (4135), വീരേന്ദര്‍ സേവാഗ് (4103) എന്നിവര്‍ക്കു ശേഷം 50 ടെസ്റ്റുകളില്‍ 4000 റണ്‍സ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമാണ് പൂജാര. ശ്രീലങ്കയില്‍ പൂജാരയുടെ മൂന്നാം സെഞ്ചുറി കൂടിയാണ് ഇന്നു പിറന്നത്.

തുടര്‍ച്ചയായ ആറാം ടെസ്റ്റ് ഇന്നിങ്‌സിലാണ് രാഹുല്‍ അര്‍ധസെഞ്ചുറി കണ്ടെത്തുന്നത്. വിശ്വനാഥ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് രാഹുല്‍.

പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച് ഇന്ത്യ മുന്നിലാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.