നടിയെക്കുറിച്ച് മോശം പരാമര്‍ശം: സെന്‍കുമാറിന് ക്ലീന്‍ചിറ്റ്

single-img
3 August 2017


തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് ക്ലീന്‍ചിറ്റ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. ഇത് പിന്നീട് വിവാദമായിരുന്നു.

ഉയര്‍ന്ന പദവിയിലിരുന്ന വ്യക്തിയെന്ന നിലയില്‍ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം ലജ്ജിപ്പിക്കുന്നതായിരുന്നുവെന്നായിരുന്നു സത്രീ സാമൂഹികപ്രവര്‍ത്തകരടക്കം പലരുടേയും വാദം. എന്നാല്‍, സെന്‍കുമാര്‍ ബോധപൂര്‍വ്വം മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിമുഖത്തിനിടെ മറ്റൊരാളുമായി സെന്‍കുമാര്‍ ഫോണില്‍ സംസാരിച്ചത് ലേഖകന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

ഇതിന് സെന്‍കുമാര്‍ അനുമതി നല്‍കിയിരുന്നില്ല. സെന്‍കുമാര്‍ മറ്റൊരാളുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലെ വിശദാംശങ്ങള്‍ ലേഖകന്‍ പുറത്തുവിടുകയായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം ഡിസിപി രമേശ്കുമാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് റേഞ്ച് ഐജിക്ക് കൈമാറി. സിനിമയിലെ സ്ത്രീ കൂട്ടായ്മ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ല. ഐജി മനോജ് എബ്രഹാം റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കി.