സര്‍ദാര്‍ സിംഗിനും ദേവേന്ദ്ര ജജരിയയ്ക്കും ഖേല്‍ രത്‌ന പുരസ്‌കാരം

single-img
3 August 2017

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്‌സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം. പി.ടി ഉഷയും വീരേന്ദര്‍ സെവാഗുമടങ്ങുന്ന സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്.

2008ല്‍ സുല്‍ത്താന്‍ അസ് ലന്‍ഷാ കപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തുടക്കം കുറിച്ച സര്‍ദാര്‍ സിങ്ങ് എട്ടു വര്‍ഷം ഇന്ത്യന്‍ ടീമിനെ നയിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഹോക്കി ക്യാപ്റ്റന്‍ എന്ന നേട്ടവും ഈ പ്രതിരോധ താരത്തിന്റെ പേരിലാണ്.
പാരാലിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് ദേവേന്ദ്ര ജജാരിയ.

ബോക്‌സിങ് താരം മനോജ് കുമാര്‍, പാരാലിമ്പിക്‌സ് മെഡല്‍ ജേതാക്കളായ ദീപ മാലിക്, മാരിയപ്പന്‍ തങ്കവേലു, വരുണ്‍ സിങ്ങ് ഭാട്ടി എന്നിവരെ പിന്തള്ളിയാണ് ഇരുവരും പുരസ്‌കാരം നേടിയത്. അതേസമയം ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് പുരസ്‌കാരം ലഭിച്ചില്ല.

ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍, പ്രശാന്തി സിങ്, എസ്.വി.സുനില്‍, ആരോക്യ രാജീവ്, ഖുഷ്ബി കൗര്‍ എന്നിവര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. അതേസമയം, മലയാളി താരങ്ങള്‍ക്ക് ആര്‍ക്കും അര്‍ജുന അവാര്‍ഡില്ല. സജന്‍ പ്രകാശിനെയും അവാര്‍ഡിനു പരിഗണിച്ചില്ല.

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെക്കൂടാതെ പാരാലിംപിക്‌സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്‌സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്‌ന പുരസ്‌ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്.