പ്രണാബ് ദാ അങ്ങെനിക്ക് പിതൃസമാനനും വഴികാട്ടിയുമായിരുന്നു: പ്രണാബ് മുഖർജ്ജിയ്ക്ക് മോദിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

single-img
3 August 2017


“പ്രിയപ്പെട്ട പ്രണാബ് ദാ, മൂന്നുവർഷം മുന്നേ ഞാൻ ന്യൂഡൽഹിയിലേയ്ക്ക് വരുമ്പോൾ ഞാനിവിടെ ഒരു പുറം നാട്ടുകാരനായിരുന്നു. എന്റെ മുന്നിലുള്ള ദൌത്യം വലുതും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു. അങ്ങെനിക്ക് പിതൃസമാനനും വഴികാട്ടിയുമായിരുന്നു. അങ്ങയുടെ ധിഷണയും അങ്ങെനിക്ക് നൽകിയ ഊഷ്മളമായ സ്നേഹവും മാർഗ്ഗനിർദ്ദേശങ്ങളുമായിരുന്നു എനിക്ക് ആത്മവിശ്വാസവും കരുത്തും നൽകിയത്.”

വിരമിച്ച രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജ്ജിയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹൃദയസ്പർശിയായ കത്ത്. അദ്ദേഹം വിരമിക്കുന്ന ദിവസമാണൂ മോദി അദ്ദേഹത്തിനു വിടവാങ്ങൽ കുറിപ്പ് അയച്ചത്.

പ്രണാബ് മുഖർജ്ജി തന്നെയാണു ഈ കത്ത് തന്റെ പേഴ്സണൽ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തത്. “ഞാൻ ഓഫീസിൽ നിന്നും വിരമിക്കുന്ന ദിവസം പ്രധാനമന്ത്രി അയച്ച കത്ത് എന്റെ ഹൃദയത്തെ സ്പർശിച്ചു. അതു ഞാൻ എല്ലാവർക്കുമായി ഷെയർ ചെയ്യുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.

രണ്ടുനേതാക്കളും തമ്മിലുള്ള രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം വിവരിക്കുന്ന കത്തിൽ പ്രണാബിന്റെ വ്യക്തിഗുണങ്ങളെ മോദി പുകഴ്ത്തുന്നുണ്ട്.

“പ്രണാബ് ദാ, നമ്മുടെ രണ്ടുപേരുടേയും രാഷ്ട്രീയം രൂപപ്പെട്ടത് രണ്ട് വ്യത്യസ്ത രാഷ്ട്രീയകക്ഷികൾക്കൊപ്പമുള്ള യാത്രകളിലൂടെയായിരുന്നു. നമ്മുടെ ആശയഗതികളും അനുഭവങ്ങളും വ്യത്യസ്തമായിരുന്നു.  എന്റെ ഭരണപരമായ അനുഭവസമ്പത്ത് കേവലം എന്റെ സംസ്ഥാനത്തിനുള്ളിൽ ഒതുങ്ങുന്നതായിരുന്നെങ്കിൽ അങ്ങയുടേത് ദേശീയരാഷ്ട്രീയത്തിലെ ദശകങ്ങൾ നീണ്ട അനുഭവസമ്പത്തായിരുന്നു.അങ്ങയുടെ വിവേകത്തിന്റെയും ധിഷണയുടെയും കരുത്ത് അത്രത്തോളമായതുകൊണ്ടാണു എനിക്ക് അങ്ങയോടൊത്ത് കൂട്ടായി പ്രവർത്തിക്കുവാൻ കഴിഞ്ഞത്,” മോദി തുടരുന്നു.

പ്രണാബിൽ നിന്നും ലഭിച്ചിരുന്ന വാത്സല്യത്തേയും സ്നേഹത്തേയും കുറിച്ചു മോദി ഇങ്ങനെ കുറിക്കുന്നു:

അങ്ങ് എന്നോട് ഊഷ്മളമായ സ്നേഹവും വാത്സല്യവും പുലർത്തിയിരുന്നു. കൂടിക്കാഴ്ചകൾക്കും വിദേശയാത്രകൾക്കുമിടയിലെ തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ അവസാനം “താങ്കൾ ആരോഗ്യം ശ്രദ്ധിക്കണം“ എന്നുപറയാൻ വിളിക്കുന്ന അങ്ങയുടെ ഒരു ഫോൺ കോൾ എന്നിൽ പുതിയ ഊർജ്ജം നിറയ്ക്കാൻ പര്യാപ്തമായിരുന്നു.

 

“രാഷ്ട്രപതി, താങ്കളുടെ കീഴിൽ പ്രധാനമന്ത്രിയായി ജോലി ചെയ്യുവാൻ കഴിഞ്ഞു എന്നത് ഞാൻ ഒരു ബഹുമതിയായി കണക്കാക്കുന്നു,” എന്നുപറഞ്ഞുകൊണ്ടാണു മോദിജിയുടെ കത്ത് അവസാനിക്കുന്നത്.