കോണ്‍ഗ്രസിനു തിരിച്ചടി: “നോട്ട”യ്ക്ക് സ്റ്റേയില്ല

single-img
3 August 2017

ദില്ലി: രാജ്യസഭാ തെരഞ്ഞടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ നോട്ട ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണു ബാലറ്റില്‍ ‘നോട്ട’ ഉള്‍പ്പെടുത്തിയതെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം.

നോട്ട ഉപയോഗിക്കുന്നത് ഇതാദ്യമല്ലെന്നും കേരളത്തിലുള്‍പ്പടെ ആറു തെരഞ്ഞെടുപ്പുകളില്‍ 2014 മുതല്‍ ഇതിന് സൗകര്യം നല്‍കിയിട്ടുണ്ടെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീശദീകരണം കോടതി അംഗീകരിച്ചു.

ഗുജറാത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനു നിവേദനം നല്‍കിയിരുന്നു. വിഷയം നിയമപരമായി നേരിടുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതൃത്വം സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ സ്റ്റേ ചെയ്യാനാവില്ലെന്ന കോടതിയുടെ തീരുമാനം കോണ്‍ഗ്രസിനു തിരിച്ചടിയായി. ഈ മാസം എട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ മല്‍സര രംഗത്ത് ഉണ്ട്. ഒരു വശത്തു ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയും മറുവശത്തു എംഎല്‍എമാരുടെ കൂറുമാറ്റവും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഒഴിവുവരുന്ന മൂന്നുസീറ്റില്‍ രണ്ടുപേരെ അനായാസം വിജയിപ്പിക്കാന്‍ ഭരണകക്ഷിയായ ബിജെപിക്കു കഴിയും. എന്നാല്‍ മല്‍സരം മുറുകുന്ന മൂന്നാമത്തെ സീറ്റില്‍ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ വിജയം കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നമാണ്. മറുകണ്ടം ചാടിയവരെ മാറ്റിനിര്‍ത്തിയാല്‍ 44 എംഎല്‍എമാരും എന്‍സിപിയുടെ രണ്ട് അംഗങ്ങളുമാണു കോണ്‍ഗ്രസ് പാളയത്തിലുള്ളത്.

ഇവര്‍ പിന്തുണച്ചാല്‍ മാത്രമെ അഹമ്മദ് പട്ടേലിന്റെ വിജയം സാധ്യമാകൂ. പട്ടേലിനെ വിജയിപ്പിക്കണമെന്നും നോട്ടയ്ക്കു വോട്ട് ചെയ്യരുതെന്നും എംഎല്‍എമാര്‍ക്കു കോണ്‍ഗ്രസിന്റെ കര്‍ശന നിര്‍ദേശമുണ്ട്. കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബല്‍വന്ത് സിങ് രാജ്പുത്തിനെയാണു മൂന്നാമത്തെ സീറ്റിനായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. ഇതാണു മല്‍സരം കടുപ്പിച്ചത്.