മഅദനിയുടെ ജാമ്യം: കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

single-img
3 August 2017

ദില്ലി: അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യത്തിന്റെ പേരില്‍ കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സുരക്ഷാ ചെലവിനായി ഭീമമായ തുക കാണിച്ചതിനാണ് സുപ്രീം കോടതി വിമര്‍ശനം. ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രമേ ചെലവായി കണക്കാക്കാനാകൂ. ഇത്രയു വലിയ തുക വന്നത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്ന് കര്‍ണാടകത്തിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് കര്‍ണാടകം ഗൗരവമായി കണ്ടില്ല. ഉത്തരവ് നടപ്പാക്കാനാണോ കര്‍ണാടകം ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.

അതേസമയം മഅദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തളളി. കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുളള ആളുടെ സുരക്ഷ കേരളം ഏറ്റെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ അനുമതിയോടെ എത്തുന്ന മഅദനിയ്ക്ക് കേരളത്തില്‍ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട തുക താങ്ങാനാവാത്തതാണെന്നും തുക കുറച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.

സുരക്ഷാച്ചെലവ് താങ്ങാനാവാത്തതിനാല്‍ കേരളത്തിലേക്കു തല്‍ക്കാലം വരുന്നില്ലെന്നു മഅദനി അറിയിച്ചിരുന്നു. സുരക്ഷയ്ക്ക് 15 ലക്ഷം രൂപ നല്‍കണമെന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണു യാത്ര മുടങ്ങിയത്. എസിപി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനച്ചെലവ് ഉള്‍പ്പെടെ വഹിക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത്രയും തുക താങ്ങാനാകില്ലെന്നു മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണു സുപ്രീം കോടതി അനുമതി നല്‍കിയിട്ടുള്ളത്.

അര്‍ബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗണ്‍ ഹാളില്‍ ഓഗസ്റ്റ് ഒന്‍പതിനു മൂത്തമകന്‍ ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി ഈമാസം ഒന്നു മുതല്‍ 20 വരെ കേരളത്തില്‍ തങ്ങാനായി ജാമ്യ ഹര്‍ജിയില്‍ ഇളവു നല്‍കണമെന്നായിരുന്നു മഅദനി ആദ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം കര്‍ണാടക എന്‍ഐഎ കോടതി തള്ളി. തുടര്‍ന്നു മഅദനി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണു കേരളത്തില്‍ പോകാന്‍ അനുമതി കിട്ടിയത്.