‘മാഡം’ എത്തിയത് ദിലീപിനെ രക്ഷിക്കാന്‍

single-img
3 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദുരൂഹതകള്‍ കുത്തിനിറച്ചുകൊണ്ടായിരുന്നു അജ്ഞാതയായ ‘മാഡം’ കടന്നുവന്നത്. ആ ‘മാഡം’ ആര് എന്ന് വാര്‍ത്തകള്‍ കണ്ട മലയാളികള്‍ ഒന്നടങ്കം ചോദിച്ചു. കേസന്വേഷണം അതിനു പിന്നാലെയും പോയി. ഒടുവില്‍ സസ്‌പെന്‍സ് മതിയാക്കി പോലീസ് തന്നെ ഇതിന് ഉത്തരം നല്‍കുന്നു.

ക്വട്ടേഷന്‍ നല്‍കിയത് ‘മാഡം’ ആണെന്ന് പ്രതി പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനാണെന്നാണ് പോലീസ് ഭാഷ്യം. ആക്രമണ സമയത്ത് സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു സുനി പറഞ്ഞിരുന്നത്. ഇക്കാര്യം ആദ്യ മൊഴിയില്‍ത്തന്നെ നടി പോലീസിനോട് സൂചിപ്പിച്ചിരുന്നു.

പോലീസ് അന്വേഷണം ദിലീപിലേക്ക് എത്തിച്ചേരാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. പിടിക്കപ്പെടുമ്പോഴും ദിലീപിന്റെ വിശ്വസ്തനായിരുന്നു പള്‍സര്‍ സുനിയെന്നും ജയിലില്‍ നിന്നയച്ച കത്തില്‍ ഇക്കാര്യം വ്യക്തമായിരുന്നെന്നും പോലീസ് പറയുന്നു.

ദിലീപിലേയ്ക്ക് അന്വേഷണം പോകാതിരിക്കാന്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ സുനി പരമാവധി ശ്രമിച്ചിരുന്നു. ജയിലിലായാലും ദിലീപ് തന്നെ സാമ്പത്തികമായി സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു.

ബോധപൂര്‍വ്വം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ഇത്തരം മൊഴി നല്‍കിയിരുന്നതെന്നാണ് പോലീസ് കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

പലരെയും വീട്ടില്‍ ചെന്നുകണ്ടാണ് ചോദ്യം ചെയ്യുന്നത്. മറ്റു ചിലരെ രഹസ്യമായി കണ്ടും ഫോണിലൂടെയും തെളിവെടുക്കുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയാണ് ചോദ്യം ചെയ്തുവരുന്നത്.