ഏറ്റവും കൂടുതല്‍ കൊലപാതകം നടക്കുന്നത് പിണറായിയുടെ നാട്ടിലെന്ന് ബിജെപി; ലോക്‌സഭയില്‍ സിപിഎമ്മിന്റെ പ്രതിഷേധം

single-img
3 August 2017

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബി.ജെ.പി എം.പിമാരുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ സി.പി.എമ്മിന്റെ പ്രതിഷേധം. സി.പി.എം അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് സഭ അരമണിക്കൂര്‍ തടസ്സപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമടക്കമുള്ള നേതാക്കള്‍ക്കെതിരായ ഗുരുതരമായ ആരോപണമാണ് ബി.ജെ.പി അംഗങ്ങളായ പ്രഹഌദ് ജോഷിയും മീനാക്ഷി ലേഖിയും നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എം അംഗം പി.കരുണാകരന്‍ സഭയില്‍ സംസാരിക്കുന്നതിനിടെ ബി.ജെ.പി അംഗങ്ങള്‍ പ്രസംഗം തടസ്സപ്പെടുത്തി. ഇതോടെ സി.പി.എം അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി.

ഇരുവരും പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് എം.ബി. രാജേഷും പി.കെ. ശ്രീമതിയും ഉള്‍പ്പെടെയുള്ള ഇടതു എംപിമാര്‍ ബഹളം വച്ചത്.ഇവര്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികള്‍ അല്‍പസമയത്തേക്ക് തടസപ്പെട്ടു. സഭയില്‍ ഇല്ലാത്ത ആളുകളെ പേരെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എംപിമാര്‍ ചൂണ്ടിക്കാട്ടി.