സര്‍ക്കാരിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്: പണി പോകും

single-img
3 August 2017

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍. സര്‍ക്കാര്‍ എടുക്കുന്ന നയങ്ങള്‍ക്കും, നടപടികള്‍ക്കുമെതിരായ ചര്‍ച്ചകള്‍ അസോസിയേഷന്‍ യോഗങ്ങളില്‍ പോലും നടത്തരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു.

സോഷ്യല്‍മീഡിയയിലും, ദ്യശ്യശ്രവ്യ മാധ്യമങ്ങളിലും നയപരമായ കാര്യങ്ങളില്‍ അഭിപ്രായ പറയുന്നതിനും വിലക്കുണ്ട്. ജനുവരി 31ന് പ്രിന്‍സിപ്പള്‍ സെക്രട്ടറി സത്യജിത്ത് രാജന്‍ ഇറക്കിയ സര്‍ക്കുലര്‍ ഇന്നലെ വീണ്ടും പുറത്തിറക്കി.

അഭിപ്രായ സ്വാതന്ത്രത്തെ ലംഘിക്കുന്ന തലത്തിലാണ് ഉത്തരവെന്ന വിമര്‍ശം നിലനില്‍ക്കെയാണ് ഇത് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മേലധികാരികള്‍ നിര്‍ദേശവും നല്‍കി.

സര്‍ക്കാരിനെതിരെ ഒരു വേദിയിലും വിമര്‍ശനം പാടില്ലെന്നാണ് നയം. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 60(എ) പ്രകാരമാണ് നടപടി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി സംസാരിക്കാനോ, എഴുതാനോ പാടില്ലന്ന് സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു.