ദിലീപിന് തിരിച്ചടി: ഡി സിനിമാസ് അടച്ചുപൂട്ടും

single-img
3 August 2017

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഭരണപക്ഷവും പ്രതിപക്ഷവും ഐകകണ്‌ഠേനെയാണ് തീരുമാനമെടുത്തത്.

വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ തീയേറ്റര്‍ അടച്ചിടും. ഡി സിനിമാസിന് ഉടന്‍ തന്നെ ഇത് സംബന്ധിച്ച് നോട്ടീസ് കൈമാറാനും തീരുമാനമെടുത്തു.

കയ്യേറ്റം സംബന്ധിച്ചും നിര്‍മ്മാണ അനുമതി സംബന്ധിച്ചും ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രമക്കേടിന് നഗരസഭയില്‍ നിന്ന് വഴിവിട്ട സഹായം ലഭിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാജരേഖ ചമച്ച് നഗരസഭയെ കബളിപ്പിച്ചതായും ആരോപണമുണ്ട്. ഡി സിനിമാസ് നിര്‍മ്മാണ അനുമതിക്കായ് നല്‍കിയ മൂന്ന് പ്രധാന രേഖകള്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

ഇടതുമുന്നണിയാണു നഗരസഭ ഭരിക്കുന്നത്. നിലവിലെ പ്രതിപക്ഷമായ യുഡിഎഫിന്റെ കാലത്താണെന്നു നിര്‍മാണ അനുമതി നല്‍കിയതെന്ന് ഭരണപക്ഷം ആരോപിച്ചിരുന്നു. ചട്ടലംഘനമുണ്ടെങ്കില്‍ തിയേറ്റര്‍ എന്തുകൊണ്ടു നഗരസഭ പൂട്ടിക്കുന്നില്ലെന്നായിരുന്നു യുഡിഎഫിന്റെ മറുചോദ്യം.

അതേസമയം, ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നാണ് സ്ഥിരീകരണം. പല തവണ രജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതര്‍ പറയുന്നു.