അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം: ചിത്രയെ പുറത്താക്കിയിട്ട് ഫെഡറേഷന്‍ എന്തു നേടി?

single-img
3 August 2017

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്തതിനെതിരെയുള്ള പി.യു. ചിത്രയുടെ ഹര്‍ജിയില്‍ അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം. താരങ്ങളെ ഇല്ലാതാക്കാനല്ല, മറിച്ച് അവരെ നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് കോടതി ഓര്‍മപ്പെടുത്തി.

ഫെഡറേഷന്‍ ഇന്ത്യന്‍ താരങ്ങളെ മീറ്റില്‍ പങ്കെടുപ്പിക്കാതെ തന്നെ തോല്‍പ്പിക്കുകയാണ് ചെയ്തത്. ചിത്രയോട് കാണിച്ചത് വിവേചനപരമായ സമീപനമെന്നും കോടതി വ്യക്തമാക്കി. ചിത്രയെ ഉള്‍പ്പെടുത്തുന്നതിന് തടസമായി ഫെഡറേഷന്‍ ഉന്നയിച്ച സാങ്കേതിക വശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

അത്‌ലറ്റുകളെ തെരഞ്ഞെടുത്ത നടപടിയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു. ഗുണ്ടൂരിലെ മീറ്റില്‍ മത്സരിക്കാത്തവരെയും ലോക മീറ്റിന് അയച്ചു. താരങ്ങളെ ഇങ്ങനെ ഒഴിവാക്കുന്നതെന്തിന്. ഏഷ്യന്‍ മീറ്റില്‍ വിജയിക്കുന്നവര്‍ക്ക് ലോക മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലേയെന്നും കോടതി ചോദിച്ചു.

അത്‌ലറ്റിക് ലോക ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഫെഡറേഷന്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ചിത്ര കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. സമയപരിധി കഴിഞ്ഞുവെന്ന് ചൂണ്ടികാണിച്ചാണ് ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചത്.