അഴിമതിയാരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സര്‍വീസ് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കം വിവാദമാകുന്നു

single-img
3 August 2017

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന എസ് കെ സുരേഷിന്റെ കാലാവധി നീട്ടി നല്‍കാനുള്ള കൃഷിവകുപ്പിന്റെ ശ്രമം വിവാദമാകുന്നു. കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമാണ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍.

സുരേഷിന്റെ സര്‍വീസ് കാലാവധി നീട്ടാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരുന്നു. ഫയലിലെ കൃത്രിമത്വം കണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് തടഞ്ഞ് വെച്ചിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൃഷിവകുപ്പ് നേരിട്ട് ഇടപെട്ട് കാലാവധി നീട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് വിവരം.

മുന്‍ കൃഷിവകുപ്പ് മന്ത്രിയുടെ പി.എയായിരുന്ന കെ സുരേഷിനെ കോഴ വാങ്ങിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നു പുറത്താക്കിയിരുന്നു. പല വിജിലന്‍സ് കേസുകളും നേരിടുന്ന വ്യക്തി കൂടിയാണ് സുരേഷ്. ഇതെല്ലാം മറച്ചുവെച്ചാണ് വീണ്ടും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തേക്ക് കെ സുരേഷിനെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്.

പഴം പച്ചക്കറി മേഖലകളില്‍ കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും അനുവദിച്ച പല പദ്ധതികളും സമയാസമയങ്ങളില്‍ നടപ്പിലാക്കാതേയും, ലഭിക്കേണ്ട പല ആനുകുല്യങ്ങളും സമയാസമയങ്ങളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കാതെയുമാണ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്്. ഇതെല്ലാം ചൂണ്ടികാണിക്കുന്നത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭരണനിര്‍വഹണത്തിലെ പോരായ്മകളാണ്.

സ്ഥാപനത്തിന്റെ അവസ്ഥ വളരെ മോശമായ സാഹചര്യത്തിലും ഭരണനിര്‍വഹണത്തില്‍ കെടുകാര്യസ്ഥത പുലര്‍ത്തുന്ന സുരേഷിന് വീണ്ടും സിഇഒയായി കാലാവധി നീട്ടി നല്‍കണമെന്നാവശ്യവുമായി കൃഷിവകുപ്പ് മുന്നോട്ട് പോകുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു കീഴ്‌വഴക്കം ഉണ്ടായിട്ടില്ലെന്ന് ഇവിടെയുള്ളവര്‍ തന്നെ ആരോപിക്കുന്നു.