Movies

ദിലീപിന്റെ ആദ്യ വിവാഹത്തിന് സാക്ഷിയായിരുന്നോ?: നടന്‍ അബിയ്ക്ക് പറയാനുള്ളത് ഇതാണ്‌

കൊച്ചി: മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഈ വിവാഹത്തിന് താന്‍ സാക്ഷിയാണെന്നുമുള്ള ചില ചാനലുകളുടെ വാര്‍ത്ത തള്ളി നടനും മികിക്രി കലാകാരനുമായ അബി. ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളത്.

അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. താന്‍ ഇത്തരമൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും വാര്‍ത്ത നല്‍കിയ ചാനലുകളോട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ആരും തന്നെ വിളിച്ചിട്ടില്ലെന്നും ആര്‍ക്കു മുന്നിലും മൊഴി നല്‍കിയിട്ടില്ലെന്നും അബി വ്യക്തമാക്കി. ദിലീപിന്റെ വ്യക്തി ജീവിതം സംബന്ധിച്ച് അറിയുന്നതിനായി പോലീസ് അബിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതായുള്ള വാര്‍ത്തകളായിരുന്നു ഇന്നു രാവിലെ പുറത്തുവന്നത്.

മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനുമുമ്പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുവെന്നും ഇതുസംബന്ധിച്ച് അബി അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കിയെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്നും അടിസ്ഥാന രഹിതമാണെന്നും ദിലീപിനോട് അടുത്ത സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ദിലീപ്, കാവ്യാമാധവനെയും മഞ്ജു വാര്യരെയും വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നതായുള്ള വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍.

സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്നതിനിടെ ബന്ധുവുമായി പ്രണയത്തിലായി. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് സിനിമയിലേക്കുള്ള ആദ്യാവസരം കിട്ടുന്നത്. തുടര്‍ന്ന് മഞ്ജു വാര്യരുമായി അടുപ്പത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്ത യുവതിയെ ഒരുമിച്ചുള്ള ജീവിതത്തില്‍ നിന്ന് ദിലീപ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് അറിവ്. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദു ചെയ്തു എന്നാണ് വിവരം. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണുള്ളതെന്നാണ് വിവരം. യുവതിയില്‍ നിന്ന് പൊലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ മേഖലയിലെ പലര്‍ക്കും ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.

വിവാഹത്തിന് സാക്ഷികളായി നിന്നവരയെും, വിവാഹത്തിന് മുന്‍കൈയെടുത്ത മിമിക്രി രംഗത്തെ ദിലീപിന്റെ സുഹൃത്തുക്കളുടെ പക്കല്‍നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫിസില്‍ നടന്ന വിവാഹത്തിന്റെ രേഖകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം ഊര്‍ജിതമാക്കി.

ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം.

ദിലീപിന്റെ വ്യക്തിജീവിതം എങ്ങനെയാണെന്നത് പൊലീസിന് കുറ്റപത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഒരു മാസം മുന്‍പാണ് ദിലീപ് മഞ്ജു വാര്യര്‍ക്ക് മുന്‍പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നതായ വിവരം ലഭിച്ചത്. തുടര്‍ന്ന് ഇതിന്റെ രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്നാഴ്ചയായി പൊലീസ്.