ഫുട്‌ബോള്‍ താരം സികെ വിനീതിന് ‘നല്ല പണി’ കിട്ടി

single-img
2 August 2017

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സികെ വിനീതിനെ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിനീതിന് പുതിയ ജോലി നല്‍കാന്‍ തീരുമാനിച്ചത്.  നേരത്തെ മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ വിനീതിനെ ഏജീസ് ഓഫിസ് പിരിച്ചു വിട്ടിരുന്നു.

അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്. നാലര വര്‍ഷം മുന്‍പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. ദേശീയ ടീമില്‍ ഇടം നേടുകയും ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് താരത്തിനെതിരെ നടപടിയെടുക്കാന്‍ കാരണം. സി.കെ വിനീതിന് സംസ്ഥാനം ജോലി നല്‍കുമെന്ന് കായികവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അന്ന് തന്നെ അറിയിച്ചിരുന്നു

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പിയു ചിത്രയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. എലൈറ്റ് വിഭാഗത്തില്‍ പെടുത്തിയാണ് ചിത്രക്ക് ധനസഹായം നല്‍കുക. മാസം 25,000 രൂപ വീതം പരിശീലനത്തിനായി നല്‍കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രതിമാസം 10,000 രൂപ അലവന്‍സായും, ഭക്ഷണത്തിനായി ദിവസം 500 രൂപയും നല്‍കുന്നതിനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര താരമായിട്ടും സാമ്പത്തിക പരാധീനതകള്‍ ചിത്രക്ക് ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയ്ക്ക് പങ്കെടുക്കാനാവാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.