“ഉത്തര കൊറിയക്കെതിരെ യുദ്ധത്തിന് തയ്യാറെന്ന് ട്രംപ്”

single-img
2 August 2017

വാഷിങ്ടണ്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിലൂടെ അമേരിക്കയ്ക്ക് ഭീഷണിയായി മാറിയ ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ട് പോവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍. എന്‍ബിസി ഷോയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

ദീര്‍ഘദൂര ആണവവാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കുന്നതിനേക്കാളും നല്ലത് അവരെ യുദ്ധത്തിലൂടെ തകര്‍ക്കുകയാണെന്ന് ട്രംപ് പറഞ്ഞതായും ലിന്‍ഡ്‌സി ഗ്രഹാം പറഞ്ഞു.

അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ എന്ന് ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു.

ഉത്തര കൊറിയയുടെ പദ്ധതികളെയും ആ രാജ്യത്തെ തന്നെയും ഒരു സൈനിക മുന്നേറ്റത്തിലൂടെ തകര്‍ക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധമുണ്ടായാല്‍ കൂടുതല്‍ വിപത്തുകള്‍ ഉണ്ടാകുക ദക്ഷിണകൊറിയുടെ ഭാഗത്താകുമെന്നും ഗ്രഹാം മുന്നറിയിപ്പ് നല്‍കി. ഉത്തര കൊറിയയുടെ മിസൈല്‍ വികസന പദ്ധതികളെ തടയിടാന്‍ അയല്‍രാജ്യമായ ചൈന മുന്നോട്ട് വെക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും സൈനിക മുന്നേറ്റം നടത്തുമെന്നും ഗ്രഹാം പറഞ്ഞു.