പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: സൗദിയില്‍ തൊഴിലവസരങ്ങള്‍ കുറയും

single-img
2 August 2017

രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ സ്വദേശിവത്കരണ പങ്കാളി ക്ലബ്ബുകള്‍ വരുന്നത് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. സ്വദേശികള്‍ക്ക് നിശ്ചിത ശതമാനം ജോലികള്‍ നീക്കിവയ്ക്കാനും അവര്‍ക്ക് മുന്‍ഗണന നല്‍കാനും തയ്യാറുള്ള കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ക്ലബ്ബ് രൂപവത്കരിക്കുന്നത്.

തൊഴിലില്ലായ്മ 2011 മുതല്‍ 12 ശതമാനമായി തുടരുന്നത് സ്വദേശിവത്കരണത്തിന് നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നാണ് വ്യക്തമാക്കുന്നത്. നിലവില്‍ രാജ്യത്ത് ഒമ്പത് ലക്ഷം സ്വദേശി തൊഴില്‍ രഹിതര്‍ നിലനില്‍ക്കുമ്പോഴും 80 ലക്ഷത്തിലധികം വിദേശികള്‍ തൊഴിലെടുക്കുന്നു. ഇതിനെത്തുടര്‍ന്നാണ് രണ്ടാംഘട്ട പദ്ധതികളുമായി മുന്നോട്ടു പോകാന്‍ മന്ത്രാലയം തീരുമാനിക്കുന്നത്.

രാജ്യത്തെ നൂറ്റമ്പതോളം പ്രമുഖ കമ്പനികള്‍ ഇതുവരെ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്. സ്വദേശികള്‍ക്ക് നിശ്ചിത ശതമാനം ജോലികള്‍ നീക്കിവയ്ക്കണമെന്ന കാര്യത്തില്‍ നിഷ്‌കര്‍ഷത പുലര്‍ത്തണമെന്ന നിര്‍ദ്ദേശത്തോടെയാണ് കമ്പനികളെ ക്ലബ്ബില്‍ ഉള്‍പ്പെടുത്തുന്നത്.

മറ്റു കമ്പനികളും താമസിയാതെ ക്ലബ്ബില്‍ അംഗത്വമെടുക്കുന്നതോടെ മലയാളികളടക്കമുള്ളവരുടെ വിദേശികളുടെ ജോലി സാധ്യതയെ ബാധിക്കും. ക്ലബ്ബില്‍ അംഗമായ കമ്പനികളിലെ ജോലി അവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാനവ വിഭവശേഷി വിഭാഗം തൊഴില്‍ മന്ത്രാലയത്തിന് കൈമാറണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ക്ലബ്ബില്‍ കമ്പനിയെ പ്രതിനിധീകരിക്കുന്നതും മാനവ വിഭവശേഷി വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരിക്കും. ഇതോടെ കമ്പനിയില്‍ ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങളിലെല്ലാം സ്വദേശികളുടെ നിയമനത്തിനായി സര്‍ക്കാറിന് സമ്മര്‍ദം ചെലുത്താനാകുമെന്നാണ് മന്ത്രാലയം കരുതുന്നത്.

ക്ലബ്ബുകളില്‍ മൂന്നു തരത്തിലുള്ള അംഗത്വമാണ് കമ്പനികള്‍ക്ക് നല്‍കുന്നത്. ഇരുപത്തിയഞ്ചോളം കമ്പനികളെ പ്ലാറ്റിനം അംഗങ്ങളാക്കിയപ്പോള്‍ മുപ്പതോളം കമ്പനികള്‍ക്ക് ഗോള്‍ഡ് മെമ്പര്‍ഷിപ്പാണ് നല്‍കിയിരിക്കുന്നത്. നൂറോളം കമ്പനികളെ സില്‍വര്‍ മെമ്പര്‍ഷിപ്പ് നല്‍കിയാണ് ക്ലബ്ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമായതോടെ സൗദിയിലെ വിദേശ റിക്രൂട്ടിങ്ങില്‍ 30 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ അനുപാതമാണിത്. 2015ല്‍ സൗദിയിലേക്ക് 20 ലക്ഷത്തോളം വിസ അനുവദിച്ചപ്പോള്‍ 2016ല്‍ 14 ലക്ഷത്തോളം വിസ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിസ അപേക്ഷ ലഭിക്കുമ്പോള്‍ അതേ തൊഴിലിന് സ്വദേശികള്‍ ലഭ്യമാണോയെന്ന് പരിശോധിച്ച ശേഷമാകും അനുവദിക്കുന്നത്. ഈ നടപടി കര്‍ശനമായതോടെയാണ് കഴിഞ്ഞ വര്‍ഷം വിസ അനുവദിക്കുന്നതില്‍ വന്‍ കുറവ് വന്നിരിക്കുന്നത്. ക്ലബ്ബുകള്‍ കൂടി രൂപീകരിക്കുന്നതോടെ വരുംവര്‍ഷങ്ങളില്‍ വിദേശ റിക്രൂട്ട്‌മെന്റില്‍ വന്‍ കുറവു വരുമെന്നാണ് കരുതുന്നത്.