ഭവന, വാഹന പലിശകള്‍ കുറഞ്ഞേക്കും: ആര്‍ബിഐ പലിശനിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു

single-img
2 August 2017

അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ വായ്പാ നയം. അടിസ്ഥാന പലിശനിരക്കായ റിപ്പോ 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനമായും റിവേഴ്‌സ് റിപ്പോ ആറു ശതമാനത്തില്‍നിന്ന് 5.75 ശതമാനമായും കുറയും.

ബാങ്കുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്‌സ് റിപ്പോ. ആര്‍ബിഐ വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ. 2016 ഒക്‌ടോബറിന് ശേഷം ആദ്യമായാണ് റിപ്പോ നിരക്ക് കുറക്കുന്നത്.

പലിശ കുറയ്ക്കാന്‍ വാണിജ്യ, വ്യവസായ ലോകവും കേന്ദ്രസര്‍ക്കാരും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് പ്രധാനമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ആര്‍ബിഐ.

പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനാലാണ് നിരക്കില്‍ കുറവ് വരുത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്. അതേസമയം, റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ച് സാഹചര്യത്തില്‍ ബാങ്കുകള്‍ വാഹന, ഭവന വായ്പകളുടെ പലിശയും കുറച്ചേക്കും.