മുഹമ്മദ് നിഷാം രോഗം നടിക്കുന്നു: മാനസിക പ്രശ്‌നമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
2 August 2017

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമിന് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. നിഷാം ഏതെങ്കിലും മനോരോഗത്തിന് ചികിത്സ വേണ്ടയാളല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ഒരു സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.

നിഷാമിന് മാനസികപ്രശ്‌നമുണ്ടെന്നും അതിന് ചികിത്സ ആവശ്യമാണെന്നുമായിരുന്നു നിഷാമിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്. ജയിലില്‍ സന്ദര്‍ശിച്ച തനിക്ക് നിഷാമിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നിയെന്നും മനോനില തകരാറിലായ രീതിയിലായിരുന്നു ഇടപെടലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തന്നെ തിരിച്ചറിഞ്ഞില്ല, അക്രമാസക്തനായാണ് കാണപ്പെട്ടത്, എന്നീ വാദങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഹര്‍ജിക്കാരന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നിഷാം രോഗം നടിക്കുകയാണെന്നായിരുന്നു പ്രോസിക്യഷന്റെ വാദം. തുടര്‍ന്ന് ഇത് പരിശോധിക്കുന്നതിന് വേണ്ടി കോടതി മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുകയായിരുന്നു. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരുകയാണ് നിഷാം. മാനസികാരോഗ്യ നില പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ നിഷാമിനെ ഹാജരാക്കിയിരുന്നു.

അതിനിടെ റിപ്പോര്‍ട്ട് കോടതി വിളിച്ചുവരുത്തിയെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത മാധ്യമങ്ങളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് വിളിച്ചുവരുത്തിയിട്ടില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രദ്ധീകരിച്ച നടപടി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.