സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും തിരുവനന്തപുരത്ത് അക്രമം: കാട്ടാക്കടയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

single-img
2 August 2017

സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും തിരുവനന്തപുരം കാട്ടാക്കടയില്‍ രാഷ്ട്രീയ അക്രമം തുടരുന്നു. സിപിഎം കാട്ടാക്കട ലോക്കല്‍കമ്മിറ്റിഅംഗവും സിഐടിയു കാട്ടാക്കട ഏരിയ പ്രസിഡന്റുമായ എം ഫ്രാന്‍സിസിന്റെ വീടിനു നേര്‍ക്ക് പെട്രോള്‍ ബോംബേറ്.

ചൊവ്വാഴ്ച അര്‍ധരാത്രി 12നാണ് സംഭവം. മൊളിയൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ വീടിനു നേര്‍ക്കായിരുന്നു ബൈക്കില്‍ എത്തിയ സംഘം ബോംബെറിഞ്ഞത്. ബോംബ് പൊട്ടിത്തെറിക്കുകയും വീടിന്റെ ജനലിന് തീപിടിക്കുകയും ചെയ്തു.

ഫ്രാന്‍സിസും ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. അക്രമി സംഘം വീടിനു നേര്‍ക്ക് കല്ലുകളും എറിഞ്ഞു.   ഈ പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. അത് പിന്‍വലിച്ചതിന് പിന്നാലെയാണ് ബോംബേറ് ഉണ്ടായത്.

കഴിഞ്ഞ കുറച്ചുനാളുകളായി തിരുവനന്തപുരത്ത് സംഘര്‍ഷം തുടര്‍ന്നിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനയോഗം വിളിച്ചത്. സമാധാനം നിലനിര്‍ത്തുമെന്നും ഭാവിയില്‍ അക്രമങ്ങള്‍ ഉണ്ടാകില്ലെന്നുറപ്പു വരുത്തുമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.

ഇരു കക്ഷിയിലെയും ജില്ലാ നേതാക്കള്‍ തമ്മില്‍ അടിക്കടി ഫോണില്‍ ആശയവിനിമയം നടത്താനും ധാരണയായിരുന്നു. എന്നാല്‍ പ്രവര്‍ത്തക തലത്തിലേക്ക് ഇക്കാര്യമെത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇന്നലത്തെ അക്രമം.