കർണ്ണാടക മന്ത്രിയുടെ വീട്ടിലെ ആദായനികുതി റെയിഡ്: ബിജെപിയുടേത് നിർല്ലജ്ജമായ അധികാര ദുർവിനിയോഗമെന്ന് കോൺഗ്രസ്സ്

single-img
2 August 2017

ഗുജറാത്തിലെ കോൺഗസ്സ് എം എൽ ഏമാരെ ഒളിവിൽപ്പാർപ്പിച്ചിരിക്കുന്ന കർണ്ണാടക ഊർജ്ജമന്ത്രി ഡി കെ ശിവകുമാറിന്റെ വീട്ടിൽ നടന്ന ആദായനികുതി വകുപ്പ് റെയിഡ് ബിജെപിയുടെ നിർലജ്ജമായ അധികാര ദുർവിനിയോഗമാണെന്ന് കോൺഗ്രസ്സ് നേതാക്കൾ.

പ്രതിപക്ഷത്ത് ആരുമില്ലാത്ത സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതിയാണു ബി ജെ പിയുടേതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ആരോപിച്ചു.

“എല്ലാ രാഷ്ട്രീയക്കാരും സംഘപരിവാറിന്റെ സ്തുതിപാഠകരാകണമെന്നാണു ബിജെപിയുടെ ആവശ്യം. പ്രതിപക്ഷത്ത് ആരുമുണ്ടാകരുതെന്ന് അവർ ആഗ്രഹിക്കുന്നു. ഇതനുവദിക്കാനാകില്ല,” അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് എട്ടിനു നടക്കുന്ന ഗുജറാത്തിൽ നിന്നുമുള്ള രാജ്യസഭാ അംഗങ്ങളുടെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചിരുന്നു. ഇതിനെത്തുടർന്നാണു ഗുജറാത്തിലെ കോൺഗ്രസ്സിന്റെ 44 എം എൽ ഏമാരെ കർണാടകയിലെ ഊർജ്ജമന്ത്രി ഡി കെ ശിവകുമാറിന്റെ ചുമതലയിൽ ഒളിച്ചു താമസിപ്പിച്ചത്. എന്നാൽ ഇന്നു രാവിലെ കേന്ദ്ര ആദായ ങ്കുതി വകുപ്പ് ഡി കെ ശിവകുമാറിന്റെ വീട്ടിൽ റെയിഡ് നടത്തി. ഈ റെയിഡ് രാഷ്ട്രീയപ്രേരിതമാണെന്നാണു കോൺഗ്രസ്സ് ആരോപിക്കുന്നത്.

രാജ്യസഭാ തെരെഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ഈ റെയിഡ് അപലപനീയമാണെന്നു ലോക്സഭാ പ്രതിപക്ഷനേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെ പറഞ്ഞു.

“ഒരു രാജ്യസഭാ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനാണു അവരിതെല്ലാം കാട്ടിക്കൂട്ടുന്നത്. പക്ഷേ അവരുടെ തന്ത്രം വിജയിക്കില്ല,” ഖാർഗ്ഗെ പറഞ്ഞു.

ഇതിനിടയിൽ ആദായനികുതി വകുപ്പ് റെയിഡിനെതിരേ രാജ്യസഭയിലും പ്രതിഷേധമുയർന്നു. കേന്ദ്രസർക്കാരിന്റെ പ്രതിപക്ഷവേട്ടയ്ക്കെതിരേയാണു പ്രതിഷേധങ്ങൾ ഉണ്ടായതു.

രാജ്യസഭാ‍ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എം എൽ ഏമാർക്ക് 15 കോടിരൂപാ വാഗ്ദാനം ചെയ്ത ബിജെപി ബിജെപി നേതാക്കളുടെ വീട്ടിലാണു റെയിഡ് നടത്തേണ്ടതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ് പറഞ്ഞു.

നിർല്ലജ്ജമായി അധികാരദുർവിനിയോഗം നടത്തുന്നത് കേന്ദ്രസർക്കാരിന്റെ പ്രവണതയായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ്സ് നേതാവും രാജ്യസഭാംഗവുമായ ആനന്ദ് ശർമ്മ ആരോപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവാണു ആനന്ദ് ശർമ്മ.