ജയിലില്‍ ദിലീപിന് മാനസിക സംഘര്‍ഷം; കാവ്യയോടും മകളോടും കാണാന്‍ വരരുതെന്ന് നിര്‍ദ്ദേശം

single-img
2 August 2017

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കടുത്ത മാനസിക സംഘര്‍ഷത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഭാര്യ കാവ്യാമാധവനെ ചോദ്യം ചെയ്തുവെന്നുള്ള വാര്‍ത്തയ്ക്കു പിന്നാലെ വിശ്വസ്തനായ മാനേജര്‍ അപ്പുണ്ണി കൂടി ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്കു മുന്നില്‍ കീഴടങ്ങിയതോടെ താരം തീര്‍ത്തും വിഭ്രാന്തിയിലായിരിക്കുകയാണ്.

ഇതോടെ കഴിഞ്ഞ ശനിയാഴ്ച ജയില്‍ അധികൃതര്‍ ദിലീപിനെ കൗണ്‍സിലിങിന് വിധേയമാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കല്‍ ജയിലില്‍ എത്താറുള്ള കന്യാസ്ത്രീയാണ് തടവുകാരില്‍ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത്. അവര്‍ തന്നെയാണ് ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ സാന്നിധ്യത്തില്‍ ദിലീപിനെയും കൗണ്‍സിലിങിന് വിധേയനാക്കിയത്.

കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള അമിത ഉത്കണ്ഠയുമാണ് ദിലീപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതെന്നാണ് സൂചന. അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘുവിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും മനസ്സിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. ദിവസവും നിര്‍ബന്ധമായി യോഗ ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും കൗണ്‍സിലര്‍ ദിലീപിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം തുടരെ തുടരെ വായിച്ച് ആത്മധൈര്യം സംഭരിച്ചുവരികയായിരുന്നു ദിലീപ്. സഹതടവുകാരോട് സംസാരിച്ചും സിനിമാക്കഥകള്‍ പറഞ്ഞും ആക്ടീവാകുകയായിരുന്നു താരം. ഈ കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ദിലീപ് സഹതടവുകാരോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജയിലിലെ സാഹചര്യവുമായി നടന്‍ എല്ലാ അര്‍ത്ഥത്തിലും ഇണങ്ങിച്ചേര്‍ന്നു വരികയായിരുന്നു.

ഇതിനിടയിലാണ് കാവ്യയെ ചോദ്യം ചെയ്തതറിയുന്നതും താരം വീണ്ടും മാനസികമായി തളരുന്നതും. അമ്മയോടും മകളോടും ഭാര്യ കാവ്യയോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അനുവാദമുള്ളപ്പോഴൊക്കെ ദിലീപ് ഫോണില്‍ വിളിക്കുന്നുണ്ട്.

അതേസമയം ദിലീപിന് വിഐപി പരിഗണന നല്‍കുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതായി മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തു. ഈ സമയം നിലത്ത് പായ് വിരിച്ച് ഉറങ്ങുകയായിരുന്നു താരരാജാവ്. ശ്രീലേഖയെ കണ്ട് ചാടി എണീക്കാന്‍ ദിലീപ് ശ്രമിച്ചുവെങ്കിലും അത് നടന്നില്ല.

ചെവിയില്‍ ഫഌയിഡ് കുറഞ്ഞ് ബാലന്‍സ് നഷ്ടപ്പെട്ട് ഏണീറ്റിരിക്കാന്‍ പോലും കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല ദിലീപ് എന്നും സഹതടവുകാരും വാര്‍ഡന്മാരും ചേര്‍ന്നാണ് താരത്തെ പിടിച്ചെണീപ്പിച്ചതെന്നും മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തു. താന്‍ നിരപാരാധിയാണന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞതായും ദിലീപിന്റെ വൈകാരികമായ വിങ്ങല്‍ തുടര്‍ന്നതിനാല്‍ അധിക സമയം ജയില്‍ മേധാവി അവിടെ തുടര്‍ന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.