പാകിസ്താനെതിരെ ഇന്ത്യന്‍ വിജയം: ജമ്മുവിലെ വൈദ്യുത പദ്ധതികളുമായി മുന്നോട്ട് പോവാമെന്ന് ലോകബാങ്ക്

single-img
2 August 2017

വാഷിംഗ്ടണ്‍: ജമ്മുകാശ്മീരില്‍ സ്ഥാപിക്കുന്ന വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക് വ്യക്തമാക്കിയതോടെ ബദ്ധശത്രുവായ പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ ഒരിക്കല്‍ കൂടി ഇന്ത്യ വിജയം നേടി.

ഝലം നദിയുടെ കൈവഴിയായ കിഷന്‍ ഗംഗയില്‍ 330 മെഗാവാട്ടിന്റേയും ചെനാബിന്റെ കൈവഴിയായ റാറ്റ്‌ലെയില്‍ 850 മെഗാവട്ടിന്റേയും വൈദ്യുത പദ്ധതികളാണ് ഇന്ത്യ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പദ്ധതികളുടെ സാങ്കേതിക രൂപകല്‍പനയെച്ചൊല്ലി ഇന്ത്യയുമായി ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ലോകബാങ്കിനെ സമീപിക്കുകയായിരുന്നു.

അതേസമയം, വൈദ്യുത പദ്ധതികള്‍ നിര്‍മിക്കുന്നതിന് ഇന്ത്യയെ അനുവദിച്ചത് 1960ലെ സിന്ധുനദീജല കരാറിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ്. ഝലം, ചെനാബ് നദികളില്‍ മറ്റ് ഉപയോഗങ്ങള്‍ക്കൊപ്പം ജലവൈദ്യുത പദ്ധതികള്‍ക്കാവശ്യമായ നിര്‍മ്മാണം നടത്താനും ഇന്ത്യയ്ക്ക് അനുമതിയുണ്ട്.

പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന അയൂബ് ഖാനും 1960ലാണ് ബിയാസ്, രവി, സത്‌ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ ആറ് നദികളിലെ വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് കരാറൊപ്പിട്ടത്. സിന്ധു നദീജല വിനിയോഗ കരാറിലെ സാങ്കേതിക പ്രശ്‌നങ്ങളില്‍ ഈയാഴ്ച ചര്‍ച്ച നടത്തും. സൗമനസ്യത്തോടെയും പരസ്പര സഹകരണത്തോടെയും ആയിരിക്കും ചര്‍ച്ചയെന്നും ലോക ബാങ്ക് വ്യക്തമാക്കി.

ഉടമ്പടിയിലെ വ്യവസ്ഥ പ്രകാരം വൈദ്യുത പദ്ധതികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായാല്‍ അത് അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയുടെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 9 പ്രകാരം കോടതിയാണ് തീര്‍പ്പ് കല്‍പിക്കേണ്ടതെന്ന് പാകിസ്ഥാന്‍ ലോകബാങ്കിനെ അറിയിച്ചിരുന്നു. എന്നാല്‍, പ്രശ്‌നത്തെ കുറിച്ച് പഠിക്കുന്നതിന് നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്ഥാന്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ സാങ്കേതികം മാത്രമാണെന്നും ഇന്ത്യ വാദിക്കുന്നു.

ജമ്മു കാശ്മീരിലെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയേക്കുമെന്ന് ഭയന്നാണ് പാകിസ്ഥാന്‍ രാജ്യാന്തര കോടതിയെയും ലോകബാങ്കിനെയും സമീപിച്ചത്. പാക് അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോകബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വാഷിംഗ്ടണില്‍ കണ്ട് ചര്‍ച്ച നടത്തിയത്.

കേസ് പരിഗണിക്കേണ്ട അന്താരാഷ്ട്ര കോടതിയിലെ മൂന്ന് ജഡ്ജിമാരെ നിയമിക്കുന്ന ലോകബാങ്കിനും ഇതില്‍ സുപ്രധാനമായ പങ്കുണ്ട്. രണ്ട് മദ്ധ്യസ്ഥരെ വീതം ഇന്ത്യയ്ക്കും പാകിസ്ഥാനും നിയമിക്കാം. ജഡ്ജിമാരെ ഏറ്റവും വേഗത്തില്‍ നിയമിക്കണം എന്ന ആവശ്യമാണ് പാകിസ്ഥാന്‍ ലോകബാങ്കിന് മുന്നില്‍ വച്ചിരിക്കുന്ന ആവശ്യം. ജഡ്ജിമാരെ നിയമിക്കുന്നതില്‍ ലോകബാങ്ക് ഉറപ്പൊന്നും നല്‍കിയില്ലെങ്കിലും ഉടമ്പടിക്ക് കീഴില്‍ നിന്നുകൊണ്ട് നിഷ്പക്ഷമായി പരിഹാരം കാണാന്‍ ബാദ്ധ്യസ്ഥമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.