ഐസിസി റാങ്കിംഗില്‍ രവീന്ദ്ര ജഡേജയും അശ്വിനും ഒന്നും രണ്ടും സ്ഥാനത്ത്

single-img
2 August 2017

ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് മേല്‍ക്കോയ്മ. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ നാലു വിക്കറ്റ് പ്രകടനമാണ് മൂന്നാം സ്ഥാനത്തു നിന്ന് അശ്വിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ലങ്കയുടെ രംഗന ഹെറാത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.

ജഡേജ 897 പോയിന്റ് നേടിയപ്പോള്‍, അശ്വിന്‍ 849 പോയിന്റുകള്‍ കരസ്ഥമാക്കി. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യക്ക് കടന്നുകൂടാനായില്ലെങ്കിലും ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തിലൂടെ, ഓപ്പണര്‍ ശിഖര്‍ ധവാന്‍ റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി.

21 പോയിന്റ് മെച്ചപ്പെടുത്തി ധവാന്‍ 39ാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസ്സനാണ് ഒന്നാമത്. രവീന്ദ്ര ജഡേജ. അശ്വിന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുള്ളത്.