താലികെട്ടിന് ശേഷം കാമുകനൊപ്പം പോയ ഇവള്‍ ‘തേപ്പുകാരിയോ’?: സത്യത്തില്‍ സംഭവിച്ചത് ഇതാണ്

single-img
2 August 2017

തിരുവനന്തപുരം: ഗുരുവായൂരില്‍ താലിക്കെട്ടിന് ശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഏറ്റവും ഒടുവില്‍ റിസപ്ഷനുവേണ്ടി ഓര്‍ഡര്‍ ചെയ്ത കേക്ക് മുറിച്ച് കല്യാണച്ചെക്കന്‍, കുടുംബത്തിലെ കുട്ടികളും ബന്ധുക്കളും എല്ലാരും ചേര്‍ന്ന് ആഘോഷിച്ചതായും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. മഹാ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ ഒരു ചെറിയ സെലിബ്രേഷന്‍ എന്നാണ് ഫേസ്ബുക്കില്‍ കല്യാണച്ചെക്കന്‍ പറഞ്ഞത്.

പെണ്‍കുട്ടിയെ തേപ്പുകാരിയായി ചിത്രീകരിച്ചാണ് സോഷ്യല്‍മീഡിയയിലെ പ്രതികരണങ്ങളും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പലര്‍ക്കും ധാരണയില്ല. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും രംഗത്ത് എത്തിയത്.

വിവാഹത്തിന് മുന്‍പ് തന്നെ പെണ്‍കുട്ടി തന്റെ പ്രണയബന്ധം വീട്ടുകാരെ അറിയിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്ത് നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടു പോകുകയായിരുന്നു.

വീട്ടുകാരും എതിര്‍ത്തതോടെ ബന്ധത്തെക്കുറിച്ച് വരനോടും പെണ്‍കുട്ടി തുറന്നുപറഞ്ഞു. എന്നാല്‍ പഴയകാര്യം മറന്നേക്കെന്നായിരുന്നു വരന്റെ മറുപടിയെന്നും ബന്ധുക്കള്‍ പറയുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ കാമുകനൊപ്പം പോകാന്‍ പെണ്‍കുട്ടി തീരുമാനിച്ചത് എന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഞായറാഴ്ച്ച രാവിലെയായിരുന്നു കൊടുങ്ങല്ലൂര്‍ കുടുന്നപ്പളളി വീട്ടില്‍ സതീശന്റെ മകന്‍ ഷിജിലും മുല്ലശ്ശേരി മാമ്പുളളി ഹരിദാസിന്റെ മകള്‍ മായയും തമ്മിലുളള വിവാഹം. പക്ഷേ വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഇരുവരും ക്ഷേത്രത്തിന് മുന്നില്‍ തൊഴാന്‍ നില്‍ക്കുമ്പോള്‍ കെട്ടിയ താലിമാല ഊരി ഷിജിലിന്റെ കയ്യില്‍ കൊടുത്ത് കാമുകന്റെയൊപ്പം പോകുകയായിരുന്നു വധു.

തുടര്‍ന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഗുരുവായൂര്‍ പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ നടന്ന ചര്‍ച്ചയില്‍ വരന്റെ അച്ഛന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ചര്‍ച്ചയ്‌ക്കൊടുവില്‍ 8 ലക്ഷം രൂപയ്ക്ക് തീരുമാനായി. നഷ്പരിഹാരത്തുക ഒരു മാസത്തിനുളളില്‍ നല്‍കാമെന്ന് വധുവിന്റെ അച്ഛന്‍ സമ്മതിച്ചു കരാര്‍ ഒപ്പിടുകയായിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ പരിഹസിച്ചും അധിക്ഷേപിച്ചും നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്. ഇത്തരം പ്രചരണങ്ങള്‍ അതിരുവിട്ടപ്പോഴാണ് സംഭവത്തില്‍ ഇങ്ങനെയൊരു വശവും ഉണ്ടെന്ന് വ്യക്തമാക്കി പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയത്.