വ്യാജ രസീതുകള്‍ ഉപയോഗിച്ച് പണം തട്ടിയെന്ന്‌ വെളിപ്പെടുത്തിയ അധ്യാപകന് ബിജെപി നേതാക്കളുടെ മര്‍ദ്ദനം: പോലീസ് കേസെടുത്തു

single-img
2 August 2017


കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട വ്യാജ രസീതിനെ ചൊല്ലി അധ്യാപകന് ബിജെപി നേതാക്കളുടെ മര്‍ദ്ദനം. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ അധ്യാപകന്‍ ശശികുമാറിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്.

ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് വ്യാജ രസീതിലൂടെ ബിജെപി പണം പിരിച്ച സംഭവം പുറത്തായതിനു പിന്നില്‍ ഇദ്ദേഹമാണെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പിപി മുരളി അടക്കമുള്ള പ്രവര്‍ത്തകര്‍ക്കെതിരെ ശശികുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ രാവിലെ 11.30 ഓടെയാണ് ബിജെപി നേതാക്കള്‍ കോളേജിലേക്കെത്തിയത്. തുടര്‍ന്ന് അക്കൗണ്ടന്റ് വിനോദും അധ്യാപകനായ താനും അറിയാതെ രസീത് പുറത്ത് പോവില്ലെന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്ന് ശശികുമാര്‍ പറഞ്ഞു.

പ്രിന്‍സിപ്പള്‍ അടക്കമുളള അധ്യാപകരുടെ മുന്നില്‍വെച്ച് തന്നെ മൂന്ന് മണിക്കൂറിലധികം നേരം തടഞ്ഞുവെച്ച് മര്‍ദികുകയായിരുന്നുവെന്ന് പയ്യോളി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗണ്‍സിലിനു വേണ്ടിയുള്ള ധനസമാഹരണത്തിനായി എന്ന പേരില്‍ വ്യാജ രസീത് ഉപയോഗിച്ചു നേതാക്കള്‍ കോടികള്‍ പിരിച്ചുവെന്ന വാര്‍ത്ത വിവാദമായിരുന്നു. ഇത്തരത്തില്‍ എംഎച്ച്ഇഎസ് കോളേജിന് നല്‍കിയ വ്യാജരസീതാണ് പുറത്തായത്. ഇത് ശശികുമാര്‍ വഴിയാണ് പുറത്തായതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റായ പിപി മുരളി, ജനറല്‍ സെക്രട്ടറി എടക്കുടി മനോജ് തുടങ്ങി പതിനഞ്ചോളം പേര്‍ക്കെതിരെയാണ് അധ്യാപകന്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.